കുടുംബശ്രീ സര്‍ഗ്ഗം സാഹിത്യ ശില്‍പശാല മാർച്ച് 23 മുതൽ 25 വരെ

കുടുംബശ്രീ വനിതകളുടെ സാഹിത്യാഭിരുചികള്‍ തിരിച്ചറിയുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സർഗം സാഹിത്യ ശില്പശാല സംഘടിപ്പിക്കുന്നു. മാര്‍ച്ച് 23 മുതല്‍ 25 വരെ തൃശൂര്‍ കിലയില്‍ സംഘടിപ്പിക്കുന്ന ത്രിദിന സാഹിത്യ ക്യാമ്പ് 23 ന് ഉച്ചയ്ക്ക് 2.30 ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാന്ദന്‍ ഉദ്ഘാടനം ചെയ്യും.

കുടുംബശ്രീ ഡയറക്ടര്‍ ആശാ വര്‍ഗ്ഗീസ് അധ്യക്ഷത വഹിക്കുന്ന ക്യാമ്പിൽ കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ. സി.പി അബൂബക്കര്‍ മുഖ്യ പ്രഭാഷണം നടത്തും. അശോകന്‍ ചെരുവില്‍, ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്, ഡോ.ഖദീജ മുംതാസ്, പ്രൊഫ. എം എം നാരായണന്‍, ജീവന്‍ ജോസ് തോമസ്, സി എസ് ചന്ദ്രിക, കെ എ ബീന, ലിസി, പി രാമന്‍ തുടങ്ങിയ മലയാളത്തിലെ പ്രമുഖ എഴുത്തുകാര്‍ ക്ലാസുകള്‍ നയിക്കും.

കഥാ കവിതാ രചനയില്‍ താല്‍പര്യമുള്ളവരും കഴിവുള്ളവരുമായ നിരവധി സ്ത്രീകള്‍ അയല്‍ക്കൂട്ടങ്ങളിലുണ്ട്. എന്നാല്‍ ജീവിത സാഹചര്യങ്ങള്‍ മൂലം തങ്ങളുടെ സര്‍ഗ്ഗവാസനകളെ വളര്‍ത്തിക്കൊണ്ടുവരാനുള്ള അവസരം ഇല്ലാതെ പോയവരെ കണ്ടെത്തി അവരുടെ മാനസികമായ വികാസവും സര്‍ഗാത്മക മേഖലയില്‍ കൂടുതല്‍ അവസരങ്ങളൊരുക്കുക എന്നതുമാണ് കുടുംബശ്രീ ത്രിദിന സാഹിത്യ ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്. കുടുംബശ്രീ അംഗങ്ങള്‍ക്ക് കലാസാഹിത്യ മേഖലകളിലെ പ്രമുഖരായ വ്യക്തികളെ പരിചയപ്പെടുന്നതിനും അവരുമായി ആശയങ്ങള്‍ പങ്കുവയ്ക്കുന്നതിനും സംവദിക്കുന്നതിനുമുള്ള ഒരു ക്രിയാത്മക വേദിയൊരുക്കുക എന്നതും ലക്ഷ്യമാണ്.

കേരള സാഹിത്യ അക്കാദമിയും കുടുംബശ്രീയും കിലയുമായി സഹകരിച്ചുകൊണ്ടു നടപ്പാക്കുന്ന സാഹിത്യ ക്യാമ്പ് സാധാരണക്കാരായ കുടുംബശ്രീ വനിതകള്‍ക്ക് അവരുടെ സര്‍ഗ്ഗശേഷി വളര്‍ത്താനും സാഹിത്യമേഖലയില്‍ നൂതനമായ ആശയങ്ങളും അറിവും നേടാനുമുള്ള ഒരു മികച്ച അവസരമായിരിക്കും.

Related Posts