കുടുംബശ്രീ സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് വായ്പാ വിതരണം
കൊടകര: കൊടകര ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിലായി നടപ്പിലാക്കി വരുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമില്‍ സ്വയം തൊഴില്‍ സംരംഭം ആരംഭിക്കുന്നതിനായി 22 കുടുംബശ്രീ അംഗങ്ങള്‍ക്കുളള വായ്പാ വിതരണം എം എല്‍ എ, കെ കെ രാമചന്ദ്രന്‍ നിർവഹിച്ചു. സ്വാതന്ത്ര്യദിനത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന അമൃത് മഹോത്സവത്തിന്റെ ഭാഗമായി കൊടകര ബ്ലോക്ക് ഹാളില്‍ വെച്ചാണ് വായ്പാ വിതരണം സംഘടിപ്പിച്ചത്.
2018 മുതല്‍ 2022 വരെ 1746 സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ലക്ഷ്യമിട്ട പദ്ധതിയില്‍ 3 വര്‍ഷക്കാലം കൊണ്ട് 1212 സംരംഭങ്ങള്‍ ബ്ലോക്കിലെ 7 പഞ്ചായത്തുകളിലായി ആരംഭിച്ചു. 908 വനിതകളും 354 പുരുഷൻമാരും ഉള്‍പ്പെടെ 1262 പേര്‍ക്കാണ് പദ്ധതി വഴി സ്വയംതൊഴില്‍ നൽകിയത്. ഉൽപ്പാദന മേഖലയില്‍ 490, സേവന മേഖലയില്‍ 366, കച്ചവട മേഖലയില്‍ 356 എന്നിങ്ങനെ സംരംഭങ്ങൾ പദ്ധതിയുടെ ഭാഗമായി തുടങ്ങി. കൊടകരയുടെ പ്രാദേശിക സാമ്പത്തിക വികസനത്തില്‍ ഒരു മികച്ച മാതൃകയായി മാറാന്‍ പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് എം.എല്‍.എ പറഞ്ഞു.
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ആര്‍ രഞ്ജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഷീല ജോര്‍ജ് സ്വാഗതം പറഞ്ഞു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സരിത രാജേഷ് മുഖ്യാതിഥിയായിരുന്നു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ വി ജ്യോതിഷ്‌കുമാര്‍ പദ്ധതി വിശദീകരണം നടത്തി. ചടങ്ങില്‍ ബ്ലോക്ക് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ആല്‍ജോ പുളിക്കന്‍, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടെസ്സി ഫ്രാന്‍സിസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടെസ്സി വില്‍സണ്‍, പുതുക്കാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ സജീവന്‍ സി പി, ബി എന്‍ എസ് ഇ പി വൈസ് ചെയര്‍പേഴ്‌സണ്‍ സജിനി ബൈജു, കൊടകര ബ്ലോക്ക് സെക്രട്ടറി പി.ആര്‍ അജയ് ഘോഷ്, കുടുംബശ്രീ അസി. ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ രാധാകൃഷ്ണന്‍, എന്‍ ആര്‍ ഒ മെന്റര്‍ തങ്കച്ചന്‍ ഇ എസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ മഞ്ജീഷ് വി എം നന്ദി പറഞ്ഞു.