ക്രിസ്തുമസ് ഉൽപ്പന്ന വിപണന മേളയുമായി കുടുംബശ്രീ
തൃശൂർ: ക്രിസ്തുമസിനോടനുബന്ധിച്ച് കലക്‌ട്രേറ്റിലെ ജീവനക്കാര്‍ക്ക് മായമില്ലാത്തതും വിഷാംശമില്ലാത്തതുമായ ഹോംമെയ്ഡ് ഉൽപ്പന്നങ്ങള്‍ ലഭ്യമാക്കുക, കുടുംബശ്രീ സംരംഭകര്‍ക്ക് കൂടുതല്‍ സംരംഭ സാധ്യതകള്‍ ഒരുക്കുക എന്നീ ലക്ഷ്യങ്ങളോടെ കുടുംബശ്രീ തൃശൂര്‍ ജില്ലാമിഷന്റെ നേതൃത്വത്തിലാണ് ക്രിസ്തുമസ് - കേക്ക് വിപണന മേള നടത്തുന്നത്.
കുടുംബശ്രീ സംരംഭകര്‍ ഉൽപാദിപ്പിക്കുന്ന വിവിധതരം കേക്കുകള്‍, കുക്കീസ്, ചോക്കലേറ്റ്, സ്‌ക്വാഷ്, വിവിധതരം അച്ചാറുകള്‍, കൊണ്ടാട്ടങ്ങള്‍, പപ്പടങ്ങള്‍, വിവിധ പലഹാരങ്ങള്‍, ചിപ്‌സ്, വെളിച്ചെണ്ണ, ജൂട്ട്, കറിപൗഡറുകള്‍, തുണി/ജൂട്ട് ബാഗുകള്‍, ഫാന്‍സി ആഭരണങ്ങള്‍, സോപ്പ്, ടോയ്‌ലെറ്ററീസ്, കുത്താമ്പുള്ളി തുണിത്തരങ്ങള്‍ ഉൾപ്പെടെ മേളയിലുണ്ട്. ഡിസംബര്‍ 22, 23, 24 തിയതികളിലായി കലക്‌ട്രേറ്റില്‍ ബാര്‍ അസോസിയേഷന്‍ ഹാളിന് സമീപമുളള പാര്‍ക്കിംഗ് ഗ്രൗണ്ടിലാണ് മേള സംഘടിപ്പിക്കുന്നത്. രാവിലെ 9.30 മണി മുതല്‍ വൈകീട്ട് 5.30 വരെ മേള ഉണ്ടായിരിക്കുന്നത്. കലക്‌ട്രേറ്റിന് പുറമെ ജില്ലയിലെ അന്‍പത്തഞ്ചോളം സി.ഡി.എസുകളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ക്രിസ്തുമസ് മേളകള്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
മേളയുടെ ഉദ്ഘാടനം തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ വി ജ്യോതിഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഖാദി ഗ്രാമ വ്യവസായ പ്രോജക്ട് ഓഫീസര്‍ എസ് സജീവ്, കുടുംബശ്രീ അസി. ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ നിര്‍മ്മല്‍ എസ് സി, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ ശോഭു നാരായണന്‍, ആദര്‍ശ് പി ദയാല്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, കുടുംബശ്രീ സംരംഭകര്‍, എം.ഇ.സിമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.