തെക്കുംകര പഞ്ചായത്തിൽ കുടുംബശ്രീയുടെ അഗ്രി ന്യൂട്രി ഗാര്‍ഡന്‍
തൃശ്ശൂർ: തെക്കുംക്കര പഞ്ചായത്തില്‍ കുടുംബശ്രീയുടെ അഗ്രി ന്യൂട്രി ഗാര്‍ഡന്‍ ക്യാമ്പയിന് തുടക്കമായി. വിഷവിമുക്തവും പോഷകസമൃദ്ധവുമായ പച്ചക്കറി, പഴവര്‍ഗങ്ങള്‍ എന്നിവയുടെ ഉപയോഗം വര്‍ധിപ്പിക്കാനാണ് അഗ്രി ന്യൂട്രി ഗാര്‍ഡന്‍ ക്യാമ്പയിന്‍ പഞ്ചായത്ത് നടപ്പിലാക്കുന്നത്. പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിനും പോഷക സമൃദ്ധമായ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കാനുമായാണ് പദ്ധതി ലക്ഷ്യമിടുന്നത്. മൂന്ന് സെന്റ് മുതലുള്ള സ്ഥലങ്ങളില്‍ ജൈവ രീതിയില്‍ കാര്‍ഷിക വിളകള്‍ ഉല്‍പാദിപ്പിക്കാം. ക്യാമ്പയിന്റെ ഭാഗമാകുന്നവര്‍ തക്കാളി, പാവല്‍, ചീര, മഞ്ഞള്‍, മല്ലി, പുതിന, വെണ്ട, വഴുതന, വെള്ളരി എന്നിവയില്‍ ഏതെങ്കിലും അഞ്ചിനം പച്ചക്കറികളും പപ്പായ, പേര, നെല്ലി, തുടങ്ങി രണ്ടിനം ഫലവൃക്ഷങ്ങളുമാണ് കൃഷി ചെയ്യേണ്ടത്.
ഗ്രാമപഞ്ചായത്ത് തലത്തില്‍ ഓരോ വാര്‍ഡിലും തിരഞ്ഞെടുക്കപ്പെട്ട 50 പ്ലോട്ടുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ 1465 വാര്‍ഡുകളില്‍ ഏകദേശം 75,000 കുടുംബങ്ങളിലായി 2000 ഏക്കര്‍ സ്ഥലത്ത് പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലാ പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഇത്തരമൊരു ക്യാമ്പയിന് തുടക്കമിടുന്നത്.
തെക്കുംകര പഞ്ചായത്തില്‍ അഗ്രി ന്യൂട്രി ഗാര്‍ഡന്‍ പഞ്ചായത്ത് തല ഉദ്ഘാടനം വീരോലി പാടത്ത് പ്രസിഡന്റ് ടി വി സുനില്‍ കുമാര്‍ നിര്‍വഹിച്ചു. അഞ്ചിനം പച്ചക്കറികളാണ് വെച്ചു പിടിപ്പിക്കുന്നത്. കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ മേരി ഡേവീസ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ വി ജ്യോതിഷ്‌കുമാര്‍ പദ്ധതി വിശദീകരണം നടത്തി. തെക്കുംകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ ഉമാലക്ഷ്മി, സ്ഥിരം സമിതിയംഗങ്ങളായ സബിത സതീഷ്, പി ആര്‍ രാധാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗം ബിജു കൃഷ്ണന്‍, പഞ്ചായത്തംഗങ്ങളായ ശാന്ത ഉണ്ണികൃഷ്ണന്‍, എ ആര്‍ കൃഷ്ണന്‍കുട്ടി, കെ രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ വൈസ് ചെയര്‍പേഴ്‌സണ്‍ ലിംന പ്രദീപ് സ്വാഗതവും അസി.സെക്രട്ടറി പി കെ ശോഭന നന്ദിയും പറഞ്ഞു.