അട്ടപ്പാടിയുടെ രുചി വൈവിധ്യങ്ങളുമായി കുടുംബശ്രീയുടെ മില്ലറ്റ് കഫെ
ആദിവാസി ഊരായ അട്ടപ്പാടിയിൽ കുടുംബശ്രീയുടെ പുതിയ സംരംഭത്തിന് തുടക്കമായി. മില്ലറ്റ് കഫെ എന്നാണ് ഹോട്ടൽ സംരംഭത്തിൻ്റെ പേര്.
ചിത്രശലഭം കാർഷിക സംരംഭ ഗ്രൂപ്പിലെ അംഗങ്ങളായ രേശി, ലക്ഷ്മി വെള്ളിങ്കിരി, ലക്ഷ്മി ബാലൻ എന്നിവരാണ് സംരംഭത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. മേഖലയിലെ തനത് കാർഷിക ഉത്പന്നങ്ങളായ റാഗി, ചോളം, ചാമ, കമ്പ്, തിന, വരഗ്, കുതിരവാൽ തുടങ്ങിയ ധാന്യങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന വ്യത്യസ്തങ്ങളും രുചികരവുമായ വിഭവങ്ങളാണ് മില്ലറ്റ് കഫെയിൽ ലഭിക്കുന്നത്.
ചെറുധാന്യ ഗ്രാമമായ അട്ടപ്പാടിയിലെ ഗോത്ര സമൂഹത്തിന്റെ രുചി വൈവിധ്യങ്ങൾ ഗംഭീരമാണ്. ചെറുധാന്യങ്ങളുടെ ഉപയോഗവും കൃഷിയും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ആദിവാസി രുചിഭേദങ്ങൾ പുറം ലോകത്തിന് പരിചയപ്പെടുത്താൻ കൂടിയാണ് സംരംഭത്തിൻ്റെ ശ്രമം.