മാലാ പാര്‍വതിക്ക് പിന്നാലെ കുക്കുവും ശ്വേതയും രാജിവച്ചു

ബലാത്സംഗ കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ നടപടിയിലെ മെല്ലെ പോക്കില്‍ പ്രതിഷേധിച്ച് അമ്മയുടെ ഐ സി സിയില്‍ നിന്ന് മാലാ പാര്‍വതി രാജിവച്ചതിന് പിന്നാലെ കുക്കു പരമേശ്വരനും ശ്വേതാ മേനോനും രാജി വച്ചു.

പാര്‍വതിക്ക് പിന്നാലെ രാജിസന്നദ്ധത അറിയിച്ച് കുക്കു പരമേശ്വരനും ശ്വേതാ മേനോനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഐസിസിയുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുകയാണെന്നും പുറത്താക്കല്‍ തീരുമാനത്തെ ‘മാറിനില്‍ക്കലിനെ അംഗീകരിക്കല്‍’ ആക്കി മാറ്റിയെന്നും നടിമാര്‍ പറയുന്നു.

‘തന്റെ പേരില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ പേരില്‍ താന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരിക്കുന്ന സംഘടനയ്ക്ക് ഒരു അവമതിപ്പ് ഉണ്ടാക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ തന്റെ നിരപരാധിത്വം തെളിയുന്നതുവരെ കമ്മിറ്റിയില്‍ നിന്ന് തല്‍ക്കാലം മാറിനില്‍ക്കുന്നതായി വിജയ് ബാബു സമര്‍പ്പിച്ച കത്ത് കമ്മിറ്റി അംഗീകരിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു’ എന്നാണ് യോഗത്തിന് ശേഷം അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചത്. ഈ വാര്‍ത്താക്കുറിപ്പില്‍ കടുത്ത വിയോജിപ്പുണ്ടെന്ന് മാലാ പാര്‍വതി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്വേതയും കുക്കുവും രാജി സന്നദ്ധത അറിയിച്ചത്.

വിജയ്ബാബുവിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ചയാണ് അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നത്. ഇതിന് മുമ്പ് തന്നെ അമ്മ ആഭ്യന്തര പരാതി പരിഹാര സെല്ല് യോഗം ചേര്‍ന്ന് വിജയ് ബാബുവിനെതിരെ അമ്മക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

എന്നാല്‍ യോഗം ആരംഭിക്കുന്നതിന് മുമ്പാണ് വിജയ് ബാബുവിന്റെ കത്ത് ലഭിച്ചത്. ഇത് മാത്രമാണ് അമ്മ പരിഗണിച്ചതെന്ന് മാലാ പാര്‍വതി പറഞ്ഞു. നടപടി നിര്‍ദ്ദേശിക്കാന്‍ അധികാരമില്ലെങ്കില്‍ ഐസിസി എന്തിനാണ് എന്നും അമ്മയില്‍ ഐസിസി സജീവമാകുന്നതിനെ ചിലര്‍ ഭയപ്പെടുന്നു എന്നും തീരുമാനം അട്ടിമറിക്കപ്പെട്ടു എന്നും മാല പാർവതി പറഞ്ഞു.

Related Posts