കർണാടകയിലെ വിവാദ വിഷയമായി കുഞ്ചാക്കോ ബോബൻ! ഒരു പുസ്തകത്തിലും കുഞ്ചാക്കോ ബോബന്‍ ഇല്ല'; വിശദീകരണവുമായി സര്‍ക്കാര്‍

ബെംഗളൂരു: കർണാടക പാഠപുസ്തകത്തിൽ പോസ്റ്റുമാനായി നടൻ കുഞ്ചാക്കോ ബോബന്റെ ചിത്രം വൈറലായിരുന്നു. അതിനു പിന്നാലെയുള്ള കുഞ്ചാക്കോ ബോബന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വലിയ വാർത്തയായതോടെ വിദ്യാഭ്യാസ നിലവാരം കൂപ്പുകുത്തുന്നുവെന്ന് കോൺഗ്രസ്.

കര്‍ണാടകയിലെ പാഠപുസ്തകത്തില്‍ പോസ്റ്റുമാന്റെ സ്ഥാനത്ത് ചാക്കോച്ചൻ അഭിനയിച്ച ഒരിടത്തൊരു പോസ്റ്റ്മാന്‍ എന്ന ചിത്രത്തിലെ ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായത്. തന്റെ ചിത്രം പാഠപുസ്തകത്തില്‍ വന്നത് കാണിച്ച് കുഞ്ചാക്കോ ബോബനും ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ‘അങ്ങനെ കര്‍ണാടകയില്‍ സര്‍ക്കാര്‍ ജോലിയും സെറ്റ് ആയി..’ എന്നു പറഞ്ഞുകൊണ്ട് താരം തന്നെ ഇത് പങ്കുവയ്ക്കുകയും ചെയ്തു.

ദേശിയ മാധ്യമങ്ങളിൽ വരെ ഇത് വാർത്തയായതോടെ കര്‍ണാടകയിലെ പൊതുവിദ്യാഭ്യാസമേഖല മോശമായ അവസ്ഥയിലാണ് മുന്നോട്ടു നീങ്ങുന്നതെന്നും സിലബസ് വെട്ടിക്കുറച്ച സര്‍ക്കാര്‍, ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ചിത്രങ്ങള്‍ എടുത്ത് അച്ചടിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവും എംപിയുമായ ഡി കെ സുരേഷ് ആരോപിച്ചിരുന്നു.

എന്നാൽ ഒരു പാപുസ്തകത്തിലും നടന്‍ കുഞ്ചാക്കോ ബോബന്റെ ചിത്രം ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് കര്‍ണാടക വിദ്യാഭ്യാസ വകുപ്പ്. ക്ലാസ് ഒന്ന് മുതൽ പത്ത് വരെയുള്ള സകല പുസ്തകങ്ങളും പരിശോധിച്ചിട്ടും ചാക്കോച്ചന്റെ ആ ചിത്രം മാത്രം വിദ്യാഭ്യാസ വകുപ്പിന് കണ്ടെത്താനായില്ല. സർക്കാരിനു വേണ്ടി കർണാടക ടെക്സ്റ്റ്ബുക്ക് സൊസൈറ്റിയാണ് പാഠ പുസ്തകങ്ങൾ ഇവിടെ നിർമിക്കുന്നത്.

സ്വകാര്യ ഏജന്‍സികള്‍ അച്ചടിച്ച പുസ്തകത്തിലാണ് ഈ ചിത്രം ഉള്ളതെന്ന് കര്‍ണാടക മുന്‍ വിദ്യാഭ്യാസമന്ത്രി സുരേഷ് കുമാര്‍ പറഞ്ഞു. തുടർന്ന് വിദ്യാഭ്യാസ മന്ത്രി നാഗേഷ് തന്നെ ഈ വിഷയത്തിൽ ഔദ്യോഗിക വിശദീകരണം നൽകി. ഇത് സർക്കാരിന്റെ പാഠപുസ്തകമല്ലെന്നും ആരോപണം ഉന്നയിക്കുമ്പോൾ അതിന്റെ പിന്നിലെ വസ്തുത കൂടി എല്ലാവരും പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പാഠപുസ്തകത്തിന്റെ നിലവാരം ഉറപ്പുവരുത്താത്തതിന്റെ പേരിൽ സർക്കാരിനെതിരെ വിമർശനം രൂക്ഷമാവുകയാണ്.

കോൺഗ്രസ് എംപിയായ ഡികെ സുരേഷിന് പിന്നാലെ നിരവധി പേരാണ് ബിജെപി സർക്കാരിന്റെ പിടിപ്പു കേടാണെന്ന് ആരോപിച്ച് രംഗത്തെത്തിയത്. രാജ്യത്തിനു മുൻപിൽ കർണാടകയെ നാണം കെടുത്തുകയാണ് ഇതിലൂടെ ചെയ്തതെന്നും അവർ ആരോപിച്ചു.

Related Posts