ചെമ്പനും റിമയും ആഷിഖും നിർമിക്കുന്ന കുഞ്ചാക്കോ ബോബൻ്റെ 'ഭീമൻ്റെ വഴി'; ട്രെയ്ലർ നാളെ
ചെമ്പോസ്കി മോഷൻ പിക്ചേഴ്സിൻ്റെ ബാനറിൽ ചെമ്പൻ വിനോദ് ജോസും ഒപിഎം സിനിമാസിൻ്റെ ബാനറിൽ റിമ കല്ലിങ്കലും ആഷിഖ് അബുവും ചേർന്ന് നിർമിച്ച കോമഡി ഡ്രാമ 'ഭീമൻ്റെ വഴി'യുടെ ട്രെയ്ലർ നാളെ രാവിലെ പുറത്തിറങ്ങും. മെഗാഹിറ്റായ അങ്കമാലി ഡയറീസിന് ശേഷം ചെമ്പൻ വിനോദ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണ് ഭീമൻ്റെ വഴി.
നിരൂപക പ്രശംസയും ബോക്സോഫീസ് വിജയവും ഒരേപോലെ നേടിയ 'തമാശ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീമൻ്റെ വഴി. തമാശയിലൂടെ ഏറെ ജനപ്രീതി നേടിയ ചിന്നു ചാന്ദ്നിയാണ് ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ്റെ നായികയാവുന്നത്. ഒരു ജൂഡോ ട്രെയ്നറുടെ വേഷത്തിലാണ് ചിന്നു എത്തുന്നത്. ചെമ്പൻ വിനോദ്, ജിനു ജോസഫ്, വിൻസി അലോഷ്യസ്, നിർമൽ പാലാഴി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. എഡിറ്റിങ്ങ് നിസാം കാദിരി. മുഹ്സിൻ പരാരിയുടെ വരികൾക്ക് വിഷ്ണു വിജയ് സംഗീതം നൽകുന്നു. ഫെബ്രുവരിയിൽ ഷൂട്ടിങ്ങ് പൂർത്തിയാക്കിയ ചിത്രം ഏപ്രിൽ മാസത്തിൽ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. കൊവിഡ് പ്രതിസന്ധി മൂലം നീണ്ടുപോകുകയായിരുന്നു. ഡിസംബർ 3-ന് പ്രദർശനത്തിനെത്തുമെന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ.