കുഞ്ചാക്കോ ബോബന്റെ 'ഭീമന്റെ വഴി' റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ഭീമന്റെ വഴി റിലീസ് ഡിസംബർ മൂന്നിന്. തിയറ്ററുകളിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. കുഞ്ചാക്കോ ബോബൻ തന്നെയാണ് സേവ് ദി ഡേറ്റ് എന്ന അടിക്കുറിപ്പിലൂടെ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചുകൊണ്ട് റിലീസ് ഡേറ്റ് അറിയിച്ചത്.
വിൻസി അലോഷ്യസാണ് ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായിക.തമാശ സിനിമയുടെ സംവിധായകൻ അഷ്റഫ് ഹംസ ഒരുക്കുന്ന ചിത്രം ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ചെമ്പൻ വിനോദ് തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. അങ്കമാലി ഡയറിസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നടൻ ചെമ്പൻ വിനോദ് തിരക്കഥയൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഭീമന്റെ വഴിയ്ക്കുണ്ട്. ഗിരീഷ് ഗംഗാധരനാണ് ഛായഗ്രാഹകൻ. മുഹ്‌സിൻ പെരാരിയുടെ വരികൾക്ക് വിഷ്ണു വിജയ് ഈണം നൽകുന്നു. ചെമ്പൻ വിനോദ് ജോസും, ചിന്നു ചാന്ദ്നിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.