'അങ്ങനെ കർണാടകയിൽ സർക്കാർ ജോലിയും സെറ്റായി, ഇനി പെൻഷനും വാങ്ങി ജീവിക്കണം' ; കർണാടകയിൽ പോസ്റ്റ്മാനായി കുഞ്ചാക്കോ
കർണാടകയിലെ സ്റ്റേറ്റ് സിലബസ് പാഠ പുസ്തകത്തിലെ പോസ്റ്റ്മാനെ കണ്ട് ഞെട്ടി മലയാളികൾ. പുസ്തകത്തിൽ പോസ്റ്റുമാനായി മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബൻ. ജനങ്ങളെ സേവിക്കുന്നവരുടെ പട്ടികയിലാണ് കുഞ്ചാക്കോ ബോബനും കയറിപ്പറ്റിയത്. നഴ്സ്, പൊലീസ്, ഡോക്ടർ, ടീച്ചർ തുടങ്ങിയവരുടെ കൂട്ടത്തിൽ പോസ്റ്റുമാനുമുണ്ട്. കുഞ്ചാക്കോ ബോബൻ പോസ്റ്റുമാനായി അഭിനയിച്ച 'ഒരിടത്തൊരു പോസ്റ്റ്മാൻ' സിനിമയിലെ ഫോട്ടോയാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായ കർണാടക പാഠപുസ്തകത്തിലെ തന്റെ ഫോട്ടോ രസകരമായ അടിക്കുറിപ്പോടെ പങ്കുവെച്ചുകൊണ്ട് കുഞ്ചാക്കോ ബോബൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. 'അങ്ങനെ കർണാടകയിൽ സർക്കാർ ജോലിയും സെറ്റായി.. പണ്ട് കത്തുകൾ കൊണ്ടുതന്നിരുന്ന പോസ്റ്റുമാന്‍റെ പ്രാർത്ഥന' എന്നായിരുന്നു താരം കുറിച്ചത്.
ചിരി നിറഞ്ഞ നിരവധി രസകരമായ കമന്റുകളാണ് കുഞ്ചാക്കോയുടെ പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. 'അപ്പോൾ നാളെ ഒന്നാം തീയതി ശമ്പളം കിട്ടുമല്ലേ ചിലവുണ്ട്' എന്നായിരുന്നു നടൻ ആന്റണി വർഗീസിന്റെ കമന്റ്. അപ്പൊ എങ്ങനാ? ജോലി കിട്ടിയ ഉടനെ ലീവ് കിട്ടൂല്ലല്ലോ..!! സ്ക്രിപ്റ്റ് ആണേൽ എഴുത്തും തുടങ്ങിപ്പോയി..!! രാജൂന്റെ നമ്പർ സമയം കിട്ടുമ്പോ ഒന്ന് ഇൻബോക്സിൽ ഇടണേ- എന്നായിരുന്നു സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെ കമന്റ്. സെലിബ്രിറ്റികളും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. ജീവിതം സേഫായല്ലോ എന്നു പറഞ്ഞ ആരാധകനോട് ഇനി പെൻഷനും വാങ്ങി ജീവിക്കണം എന്നായിരുന്നു താരത്തിന്റെ മറുപടി.