വർക്ക് ഫ്രം ഹോമല്ല, വർക്ക് ഫ്രം ഫോറസ്റ്റ്; കാട്ടിനുള്ളിൽ ലാപ്ടോപ്പുമായി കുഞ്ചാക്കോ ബോബൻ
കാട്ടിനുളളിൽ പാറപ്പുറത്ത് ലാപ്ടോപ്പുമായി കുഞ്ചാക്കോ ബോബൻ. വർക്ക് ഫ്രം ഹോമല്ല, വർക്ക് ഫ്രം ഫോറസ്റ്റ് ആണെന്ന രസകരമായ അടിക്കുറിപ്പുമുണ്ട്, ചിത്രത്തോടൊപ്പം.
ഇൻസ്റ്റഗ്രാമിലൂടെ താരം പങ്കുവെച്ച ചിത്രം ആരാധകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ഉണ്ടാക്കിയത്. 2.4 മില്യൺ പേരാണ് താരത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. ഒരു മണിക്കൂറിനുള്ളിൽ അര ലക്ഷത്തിലേറെ ലൈക്കുകൾ പോസ്റ്റിന് ലഭിച്ചുകഴിഞ്ഞു. ഡാർക്ക് ബ്ലൂ ജീൻസും മേൽക്കുപ്പായവും അതേ നിറത്തിലുള്ള ലാപ്ടോപ്പും ബ്ലാക്ക് ഷൂസുമായി കിടിലൻ ലുക്കിലാണ് താരം.
മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന 'ഒറ്റ് ' എന്ന ദ്വിഭാഷാ ചിത്രത്തിൻ്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് കുഞ്ചാക്കോ പങ്കുവെച്ചിരിക്കുന്നത്. അരവിന്ദ് സ്വാമിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 25 വർഷത്തിനു ശേഷമാണ് അരവിന്ദ് സ്വാമി മലയാളത്തിൽ മടങ്ങിയെത്തുന്നത്.
'തീവണ്ടി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ടി പി ഫെല്ലിനിയാണ് ത്രില്ലർ ഴോണറിലുള്ള ഒറ്റ് സംവിധാനം ചെയ്യുന്നത്. മലയാളത്തിലും തമിഴിലുമായി ഒരേ സമയമാണ് ഒറ്റിൻ്റെ ചിത്രീകരണം നടക്കുന്നത്. മുംബൈ, കർണാടക, ഗോവ എന്നിവയാണ് പ്രധാന ലൊക്കേഷനുകൾ.