കുണ്ടന്നൂര്‍ വെടിക്കെട്ട് അപകടം; ലൈസൻസി ശ്രീനിവാസനും ഉടമ സുന്ദരേശനും കസ്റ്റഡിയിൽ

തൃശൂര്‍: തൃശൂർ കുണ്ടന്നൂരിലെ വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട് ലൈസൻസിയും സ്ഥല ഉടമയും കസ്റ്റഡിയിൽ. സംഭവത്തിൽ ലൈസൻസി ശ്രീനിവാസൻ, ഉടമ സുന്ദരേശൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എക്സ്പ്ലോസീവ് വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. വടക്കാഞ്ചേരി സ്വദേശി ശ്രീനിവാസന്‍റെ ലൈസൻസിലുള്ള കുണ്ടന്നൂരിലെ വയലിന് നടുവിലായിരുന്ന വെടിപ്പുരയിലാണ് സ്ഫോടനമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ കാവശ്ശേരി സ്വദേശി മണികണ്ഠൻ ഉൾപ്പെടെ അഞ്ച് പേരാണ് വെടിപ്പുരയിൽ ജോലി ചെയ്തിരുന്നത്. നാല് തൊഴിലാളികൾ കുളിക്കാനിറങ്ങിയ സമയത്തായിരുന്നു വെടിപ്പുരക്ക് തീപിടിക്കാൻ തുടങ്ങിയത്. പുക ഉയരുന്നത് കണ്ട് മണികണ്ഠൻ തിരിച്ചെത്തി വെള്ളം ഒഴിച്ച് അണയ്ക്കാൻ ശ്രമിച്ചു. എന്നാൽ തുടർന്നുണ്ടായ സ്ഫോടനത്തിൽ മണികണ്ഠന് പരിക്കേറ്റു. വെടിപ്പുരക്ക് സമീപം എത്താത്തതിനാൽ ഒപ്പമുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ രക്ഷപ്പെട്ടു. 

Related Posts