നവകേരള പുരസ്കാരം കുന്നംകുളം നഗരസഭ ഏറ്റുവാങ്ങി

നഗരസഭയുടെ പൊതു ശുചീകരണ പ്രവർത്തനങ്ങളെ വിലയിരുത്തി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നവകേരളം പുരസ്കാരം സർക്കാരിന് വേണ്ടി എം.എൽ.എ. എ,സി. മൊയ്തിൻ കുന്നംകുളം നഗരസഭ ചെയർ പേർസൺ സീതരവീന്ദ്രന് കൈമാറി. പ്രശസ്തി ഫലകവും 2 ലക്ഷം രൂപ ക്യാഷ് ആവാർഡുമാണ് പുരസ്കാരം. വിവിധ മേഖലകളിലുള്ള ജില്ലാതല ഉദ്യോഗസ്ഥർ ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൻ്റെ വെളിച്ചത്തിൽ ഏറ്റവും ശുചിത്വമുള്ള പട്ടണമായി കുന്നംകുളം നഗരസഭയെ തിരഞ്ഞെടുക്കുകയായിരുന്നു.

നഗരസഭയുടെ സമ്പൂർണ ശുചിത്വ പരിപാടിയുടെ ഭാഗമായി നഗരസഭ പ്രദേശത്ത് ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ സംസ്കരിക്കുന്നതിന് വേണ്ട സംവിധാനം ഒരുക്കുകയും അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറുകയും ചെയ്യുക വഴിയാണ് നഗരസഭ ഈ നേട്ടം കൈവരിച്ചതെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു. ഈ രീതി മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ഈ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള ശ്രമമാണ് നല്ലവീട് നല്ലനഗരം പദ്ധതിയിലൂടെ നടന്നുവരുന്നതെന്നും അത് വിജയിപ്പിക്കാൻ കക്ഷി രാഷ്ട്രീയത്തിനതീതമായ പിന്തുണ ഉണ്ടാകണമെന്നം അദ്ദേഹം അഭ്യർത്ഥിച്ചു.

അർബൻ കുടുബരോഗ്യ കേന്ദ്രത്തിന് ഗുണമേന്മാ പുരസ്കാരം

നഗരസഭയുടെ പൊർക്കളങ്ങാട് അർബൻ ഹെൽത്ത് സെൻ്ററിന് കേന്ദ്രസർക്കാർ അംഗീകാരമായ നാഷണൽ ക്വാളിറ്റി അസസ്മെൻ്റ് പുരസ്കാരം ലഭിച്ചു. ഈ പുരസ്കാരം നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമൻ പി.എച്ച്സി. മെഡിക്കൽ ഓഫീസർ ഡോ. ട്രിബോയ്ക്ക് കൈമാറി.

നൂറ് ശതമാനം വാക്സിൻ പ്രഖ്യാപനം നടത്തി നഗരസഭ

നഗരസഭ പ്രദേശത്തെ 37 വാർഡുകളിലും നൂറ് ശതമാനം വാക്സിനേഷൻ പൂർത്തിയായതിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി. സോമശേഖരൻ നിർവ്വഹിച്ചു. നഗരസഭാ പരിധിയിലെ വാക്സിൻ എടുക്കാൻ കഴിയുന്ന 18 വയസ്സിന് മുകളിലുള്ള മുഴുവൻ പേർക്കും വാക്സിൻ നൽകാൻ കഴിഞ്ഞതിൽ താലൂക്ക് ആശുപത്രി ആർത്താറ്റ്, പോർക്കളേങ്ങാട്, പോർക്കുളം ഫാമിലി ഹെൽത്ത് സെന്റർ തുടങ്ങിയ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലെ ആരോഗ്യ പ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു.

ചെയർ പേർസൺ സീതരവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ വൈസ് ചെയർ പേർസൺ സൗമ്യ അനിലൻ സ്വാഗതവും നഗരസഭ സെക്രട്ടറി ടി.കെ.സുജിത് നന്ദിയും രേഖപ്പെടുത്തി. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേർസൺ മാരായ പി.എം.സുരേഷ്, സജിനി പ്രേമൻ, സോമശേഖരൻ, പ്രിയ സജീഷ്, പി.കെ.ഷെബീർ, കൗൺസിലർ ലെബീബ് ഹസൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.മണികണ്ഠൻ, ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ ജയകുമാർ, ശുചിത്വമിഷൻ ജില്ലാ അസി. കോർഡിനേറ്റർ പ്രമോദ് തുടങ്ങിയവർ സംസാരിച്ചു.

Related Posts