യൂസർ ഫീ കളക്ഷൻ നൂറ് ശതമാനമാക്കും; പരിസ്ഥിതി ദിനത്തില്‍ പ്രതിജ്ഞയെടുത്ത് കുന്നംകുളം നഗരസഭ

മാലിന്യശേഖരണം നടത്തുന്ന ഹരിതകര്‍മ്മസേനയുടെ യൂസര്‍ ഫീ നൂറ് ശതമാനമാക്കാന്‍ പ്രതിജ്ഞയെടുത്ത് കുന്നംകുളം നഗരസഭ പരിസ്ഥിതി ദിനം ആചരിച്ചു. മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ഹരിതസഭയിലാണ് ഹരിതകര്‍മ്മസേനാംഗങ്ങളുടെ നേതൃത്വത്തില്‍ പ്രതിജ്ഞയെടുത്തത്.

ഹരിതസഭ എ സി മൊയ്തീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷയായി. വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍ പരിസ്ഥിതിദിന സന്ദേശം വായിച്ചു.

നൂറ് ശതമാനം യൂസര്‍ഫീ കളക്ഷന്‍ നേട്ടം കൈവരിച്ച വാര്‍ഡുകളെയും മികച്ച ശുചിത്വ പ്രവര്‍ത്തനം നടത്തിയ ഓഫീസുകളെയും നഗരസഭയിലെ ഹരിതകര്‍മ്മസേനയെയും ചടങ്ങില്‍ ആദരിച്ചു. പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ ഉണ്ടാക്കി വിവിധ മത്സരങ്ങളില്‍ നിന്ന് ഒന്നാം സ്ഥാനവും റെക്കോര്‍ഡുമെല്ലാം നേടിയ അതുല്യ പ്രതിഭയും ബഥനി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ അഭിനവിനെയും ചടങ്ങില്‍ ആദരിച്ചു.

തുടര്‍ന്ന് മാലിന്യ മുക്ത കേരളം – പ്രകൃതിയെ വീണ്ടെടുക്കല്‍ എന്ന സെമിനാറില്‍ മുന്‍ ഐ ആര്‍ ടി സി മേധാവി പ്രൊഫ. വി. ആര്‍ രഘുനന്ദനന്‍ വിഷയാവതരണം നടത്തി. സ്ഥിരം സമിതി അധ്യക്ഷന്മാരായ പി എം സുരേഷ്, സജിനി പ്രേമന്‍, റ്റി സോമശേഖരന്‍, പ്രിയ സജീഷ്, പി കെ ഷെബീര്‍, സെക്രട്ടറി വി എസ് സന്ദീപ് കുമാര്‍, ക്ലീന്‍ സിറ്റി മാനേജര്‍ കെ എസ് ലക്ഷ്മണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.ഹരിതസഭയുടെ ഭാഗമായി മാലിന്യ സംസ്കരണ ഉപാധികളുടെ പ്രദർശനവും കെ. ആർ അഭിനവ് നിർമ്മിച്ച മാലിന്യത്തിൽ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രദർശനവും ഹരിതകർമ്മ സേനയുടെ ഫ്ലാഷ് മോബും നടന്നു.

ഹരിതസഭയ്ക്കു മുന്നോടിയായി നഗരസഭ പുതിയ ബസ് സ്റ്റാന്‍ഡ് പാര്‍ക്കിങ് ഗ്രൗണ്ടിന്റെ അരികുകളില്‍ എം എല്‍ എ, ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍ എന്നിവര്‍ മരം നട്ടു.

Related Posts