സുകുമാരക്കുറുപ്പിനെ ഗ്ലോറിഫൈ ചെയ്യുന്നതല്ല തൻ്റെ സിനിമയെന്ന് കുറുപ്പിൻ്റെ സംവിധായകൻ
സുകുമാരക്കുറുപ്പ് എന്ന കുറ്റവാളിയെ ഗ്ലോറിഫൈ ചെയ്യുന്ന സിനിമയല്ല കുറുപ്പ് എന്ന് ചിത്രത്തിൻ്റെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ. ചിത്രം റിലീസ് ചെയ്യുന്നതിനുമുമ്പേ വിമർശനങ്ങൾ ഉയർന്നു. വിമർശകരുടെ ആശങ്കകൾ തനിക്ക് മനസ്സിലാക്കാനാവും. ഒരു സംവിധായകൻ എന്ന നിലയിൽ സിനിമ എങ്ങനെ അവതരിപ്പിക്കണം എന്ന് തനിക്കറിയാം. പ്രേക്ഷകർക്ക് അവരുടേതായ കാഴ്ചപ്പാടുകളും ഉണ്ടാവും. സിനിമയിലൂടെ ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ന്യൂസ് മിനിട്ടിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ദുൽഖർ സൽമാനെപ്പോലെ ഒരു താരം കുറുപ്പിനെ അവതരിപ്പിക്കുമ്പോൾ കഥാപാത്രം ഗ്ലോറിഫൈ ചെയ്യപ്പെടുമോ എന്ന സംശയം സ്വാഭാവികമാണ്. സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ കുടുംബം ഇതേ സംശയം ഉന്നയിച്ചതും സ്വാഭാവികമാണ്. ഹീറോ പരിവേഷമാണോ കുറുപ്പിന് നൽകുന്നതെന്ന ആശങ്ക നിരവധിപേർ പങ്കുവെച്ചിട്ടുണ്ട്. ഈ കഥാപാത്രം ചെയ്യാൻ ഏറ്റവും അനുയോജ്യനായ നടൻ എന്ന നിലയിലാണ് ദുൽഖറിനെ കാസ്റ്റ് ചെയ്തത്. ദുൽഖറിനു മാത്രമേ അതിൻ്റെ പരിപൂർണതയിൽ കഥാപാത്രത്തെ അവതരിപ്പിക്കാനാവൂ. നടൻ്റെ ഇമേജ് തന്നെ അലട്ടിയിട്ടില്ലെന്ന് സംവിധായകൻ പറഞ്ഞു. സുകുമാരക്കുറുപ്പിനെ പോലൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ അദ്ദേഹത്തെ ഏൽപ്പിച്ചത് ഒരു പരീക്ഷണമാണ്. ഒരു തരത്തിലും കുറുപ്പിനെ ഗ്ലോറിഫൈ ചെയ്യുന്നതല്ല സിനിമ എന്ന് തനിക്ക് ഉറപ്പു നൽകാനാവും.
വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന് ചിത്രത്തിൻ്റെ ക്ലൈമാക്സ് മാറ്റിയെന്ന ആരോപണവും സംവിധായകൻ തള്ളിക്കളഞ്ഞു. വർഷങ്ങൾ ഗവേഷണം ചെയ്താണ് സിനിമയുടെ തിരക്കഥയ്ക്ക് രൂപം നൽകിയത്. ഒട്ടേറെ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തി. നിരവധി ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയിട്ടുണ്ട്. 'സെക്കൻ്റ് ഷോ' ഉൾപ്പെടെ തൻ്റെ മൂന്നു സിനിമകളും വ്യത്യസ്ത ഴോണറുകളിൽ ഉൾപ്പെടുന്നതാണെന്നും അഭിമുഖത്തിൽ സംവിധായകൻ പറയുന്നു.