കുതിരാനിലെ നിർമാണ പ്രവർത്തനങ്ങൾ തൃപ്തികരമായി മുന്നോട്ടു പോകുന്നതായി ജില്ലാ കലക്ടർ എസ് ഷാനവാസ്. സർക്കാർ തീരുമാനിച്ചതുപ്രകാരം സമയബന്ധിതമായി പണികൾ നീങ്ങുന്നുണ്ടെന്നും കുതിരാൻ സന്ദർശനത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞയാഴ്ച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സ്ഥലം സന്ദർശിച്ച് നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. തൃശൂർ ഭാഗത്ത് പ്രവേശന കവാടത്തിലെ റോഡുകളിലെ പാറ നീക്കം ചെയ്യൽ അവസാന ഘട്ടത്തിലാണ്. പാലക്കാട് ഭാഗത്ത്തുരങ്കത്തിൻ്റെ മുകൾ വശത്ത് മണ്ണിടിച്ചിൽ തടയുന്നതിനായി നെറ്റ് സ്ഥാപിച്ച് കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ച് ബലപ്പെടുത്തുന്ന പ്രവൃത്തികൾ തുടരുന്നു.ടണലിനകത്ത് ശുചീകരണം കോൺക്രീറ്റിങ്, റോഡ് മാർക്കിങ് പ്രവർത്തനങ്ങളും പുരോഗമിക്കുന്നു.കെ.എസ്.ഇ.ബിയുടെ സഹകരണത്തോടെ വൈദ്യുതി കണക്ഷൻ ഉടൻ സാധ്യമാക്കും.തൊഴിലാളികളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. കാലാവസ്ഥ അനുകൂലമാണെങ്കിൽ ജൂലൈ അവസാനവാരത്തോടെ നിലവിലെ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ സാധിക്കുമെന്നും കലക്ടർ പറഞ്ഞു.