ഒരു കപ്പ് കാപ്പി കുടിച്ചാൽ ഏറ്റവും കൂടുതൽ 'കൈപൊള്ളുന്ന' രാജ്യം ദക്ഷിണ കൊറിയ.
ഒരു കപ്പ് കാപ്പി കുടിക്കുന്നതിനു ലോകത്തിൽ ഏറ്റവും ചെലവേറിയ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമൻ ദക്ഷിണ കൊറിയ. ഒരു കപ്പ് കാപ്പിക്ക് ശരാശരി 7.77 ഡോളർ വില വരുമെന്ന് പഠനത്തിൽ പറയുന്നു. ദക്ഷിണ കൊറിയയ്ക്ക് പുറമേ മിഡിൽ ഈസ്റ്റ് രാജ്യങ്ങളായ ഖത്തർ, കുവൈറ്റ്, യു എ ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളും 'കാപ്പി കുടി' ക്ക് ലോകത്തിലെ ഏറ്റവും ചെലവേറിയ 10 രാജ്യങ്ങളിൽ ഉൾപ്പെടുന്നു.
തുർക്കി, ഇറാൻ എന്നിവിടങ്ങളിലാണ് ലോകത്ത് ഏറ്റവും വിലക്കുറവിൽ കാപ്പി ലഭ്യമാകുന്നത്. തെഹ്റാനിൽ 0.46 ഡോളർ നൽകിയാൽ ഒരു കപ്പ് കാപ്പി ലഭിക്കും.
ലോകത്തിലെ ഏറ്റവും വലിയ കാപ്പി ഉപഭോക്താക്കളാണ് ലക്സംബർഗ്കാർ. ഇവിടെ ഒരാൾ പ്രതിവർഷം 11.1 കിലോഗ്രാം കാപ്പിയാണ് കുടിക്കുന്നത്. ഇന്ത്യ, നേപ്പാൾ, പാകിസ്ഥാൻ, എന്നിവയാണ് കാപ്പി ഉപഭോഗം ഏറ്റവും കുറഞ്ഞ രാജ്യങ്ങൾ. ഇവിടെ പ്രതിവർഷം ഒരാളുടെ ശരാശരി ഉപയോഗം 100 ഗ്രാമിൽ താഴെ മാത്രമാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.
ഏഷ്യൻ രാജ്യങ്ങളിൽ പ്രധാനവും പരമ്പരാഗതവുമായ പാനീയം ചായയാണ്. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ കോഫിഷോപ്പ് സംസ്കാരത്തിന്റെ വളർച്ച, മേഖലയിലുടനീളം കാപ്പിയുടെ ആവശ്യം വർധിപ്പിച്ചു.
ലോകമെമ്പാടുമുള്ള തല സ്ഥാന നഗരങ്ങളിൽ ട്രിപ്പ്അഡ്വൈസർ ഉപയോഗിച്ചാണ് പഠനം നടത്തിയത്. ക്രമരഹിതമായി തിരഞ്ഞെടുത്ത എസ്‌പ്രെസോ, ലാറ്റെ, കപ്പുച്ചിനോ മുതലായ അഞ്ച് കോഫീ ഷോപ്പുകളിലെ വില അടിസ്ഥാനമാക്കിയാണ് പഠനം.