സ്വാതന്ത്ര്യത്തിൽ ത്രിവർണ്ണമണിഞ്ഞ് കുവൈറ്റ് നിരത്തുകളിൽ നൂറ് ബസ്സുകൾ.
കുവൈറ്റ്: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനം, ഇന്ത്യ കുവൈത്ത് നയതന്ത്രബന്ധത്തിൻ്റെ അറുപതാം വാർഷികം എന്നിവയോട് അനുബന്ധിച്ച് കുവൈറ്റ് ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായുള്ള ബസ് പ്രമോഷൻ ക്യാമ്പയിന് തുടക്കമായി. ഇന്ത്യൻ സമൂഹത്തിൽ നിന്നും കുവൈറ്റിൽ നിന്നും പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികളുടെയും മാധ്യമ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ എംബസി അങ്കണത്തിൽ ആണ് ഉദ്ഘാടനം നടന്നത്.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസകളറിയിച്ച് ബസുകളില്‍ ഇന്ത്യയുടെ വൈവിധ്യം അറിയിക്കുന്ന ചിത്രങ്ങൾ ഉൾപ്പെടുത്തിയ ബസ് ക്യാമ്പയിന്‍ പരിപാടി പ്രമുഖ ബിസിനസ് ഗ്രൂപ്പുകളുമായി സഹകരിച്ചുകൊണ്ടാണ് പ്രാവർത്തികമാക്കിയത്. 100 ഓളം ബസുകളിൽ ആണ് ക്യാമ്പയിൻ ഒരുക്കിയിട്ടുള്ളത്. ഇന്ത്യൻ സ്ഥാനപതി സിബിജോർജിനൊപ്പം കുവൈറ്റ് മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ മേസന്‍ അലന്‍സാരിയും സാമൂഹിക രംഗത്തെ നിരവധി പ്രമുഖരും ഫ്ളാഗ്ഓഫ് ചടങ്ങിൽ പങ്കെടുത്തു. എഴുപത്തിയഞ്ചാംം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി 'ആസാദി കാ അമൃത് മഹോത്സവ് ' എന്ന പേരിൽ പ്രത്യേക ഫോട്ടോ ബൂത്തും എംബസിയിൽ സംഘടിപ്പിച്ചിട്ടുണ്ട്.