ഓഗസ്റ്റ് ഒന്ന് മുതൽ വിദേശികൾക്ക് കുവൈറ്റിലേക്ക് പ്രവേശിക്കാം
കുവൈറ്റ്: നിബന്ധനകൾക്ക് വിധേയമായി പ്രവാസികൾക്ക് ഓഗസ്റ്റ് ഒന്ന് മുതൽ കുവൈറ്റിലേക്ക് പ്രവേശിക്കാം. രാജ്യത്ത് സാധുതയുള്ള താമസരേഖയുള്ളവരും അംഗീകൃത വാക്‌സിൻ രണ്ടു ഡോസ് കുത്തിവെയ്‌പ് പൂർത്തിയാക്കിയവരുമായ പ്രവാസികൾക്കാണ് മറ്റു യാത്രാ നിബന്ധനകൾ കൂടി പൂർത്തിയാക്കിയാൽ കുവൈറ്റിലേക്ക് പ്രവേശനാനുമതി ലഭിക്കുക. വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൻ്റെ അംഗീകാരത്തിനായി കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിൻ്റെ ഇമ്യൂണൽ ആപ്പിലാണ് രജിസ്‌ട്രേഷൻ ചെയ്യേണ്ടത്.
ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് സർട്ടിഫിക്കറ്റിന് അംഗീകാരം ലഭിച്ചാൽ മാത്രമേ കുവൈറ്റിലേക്കുള്ള പ്രവേശനാനുമതി നൽകുകയുള്ളൂ. കുവൈറ്റിലേക്കുള്ള ഇന്ത്യക്കാരുടെ പ്രവേശനം സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.