കഴിഞ്ഞ ദിവസം അന്തരിച്ച രാഷ്ട്രീയ കലാ സാസ്‌കാരികപ്രവർത്തകനും തൃപ്രയാർ ജനചിത്ര ഫിലിം സൊസൈറ്റി സംഘാടകനും ആയ കിഷോർകുമാറിനെ കലാസാഹിത്യ സാംസ്‌കാരിക രംഗത്തെ സുഹൃത്തുക്കൾ അനുസ്മരിക്കുന്നു
കെ വി കിഷോർകുമാർ അനുസ്മരണം

അതുകൊണ്ട് കിഷോർ നീ ഒരിക്കൽക്കൂടി ജനിച്ചിരിക്കുന്നു.
പി എൻ ഗോപീകൃഷ്ണൻ

പി എന്റെ കവിതകളെ അവൻ ഏറെ ഇഷ്ടപ്പെട്ടു. സ്നേഹിച്ചു. ചില വരികളെപ്പറ്റി പറഞ്ഞ് തർക്കിച്ചു. തല്ലുകൂടി. അസലുക്ക പറഞ്ഞിരുന്നു ആ തർക്കങ്ങൾ ഗോപിയെ അറിയിക്കണമെന്ന്. എന്തുകൊണ്ടോ പക്ഷേ അറിയിച്ചില്ല. ഇപ്പോൾ ദാ, ഇങ്ങനെയാണ് ഗോപി മാഷ് കിഷോറിനെ ഓർക്കുന്നത്.
ആരും മരിക്കുന്നില്ല. മറിച്ച് രൂപമോ രൂപമില്ലായ്മയോ എടുത്തണിഞ്ഞ് തുടരുകയാണ്. പറഞ്ഞ വാക്കുകളെപ്പോലെത്തന്നെ പ്രധാനപ്പെട്ടവയാണ്
പറയാത്ത വാക്കുകളും. വർഷം പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് കിട്ടാതെ പോയ സ്പർശങ്ങളും. ഭൂതം പോലെത്തന്നെ പ്രധാനപ്പെട്ട ഒന്നാണ് ഭാവിയും എന്ന് അവർ നമ്മെ ഓർമിപ്പിച്ചു കൊണ്ടേയിരിക്കുന്നു. മുന്നേ പോയവർ വഴികാട്ടികൾ മാത്രമല്ല, വഴി തെളിയിക്കുന്നവർ കൂടിയാണ്. നമുക്ക് വേണ്ടി ഭാവിയിലെ കല്ലും കരടും നീക്കം ചെയ്യുന്നവർ. അതുകൊണ്ട് കിഷോർ നീ ഒരിക്കൽക്കൂടി ജനിച്ചിരിക്കുന്നു.
ടി എൽ സന്തോഷ്

അറിവിന്റെ , അനുഭവത്തിന്റെ ആഴം എങ്ങനെയാണ് വാക്കുകൾ കൊണ്ട് വിശദമാക്കുക? "കിഷോർ നമുക്കിടയിലുണ്ട്" എന്ന സന്തോഷേട്ടന്റെ അവസാനത്തെ വാചകത്തിന് ഒരു പ്രപഞ്ചത്തിന്റെ ഊർജമുണ്ട്.
കിഷോർ എപ്പോഴും ചുറ്റുപാടുകളിൽ കലർന്നു നിന്നു. സാമൂഹത്തിലെ പലവിധ ഇടപെടലുകളിൽ മാനുഷികമായഉള്ളടക്കം ചേർത്തു. കലയും സാഹിത്യവും സംസ്കാരവും കായിക വിനോദങ്ങളും അടിമുടി രാഷ്ടീയമായ ഒരുജീവിതത്തിൽ സമന്വയിച്ചു. കലഹതീഷ്ണമായ കൗമാര യൗവ്വനങ്ങൾ. മാർക്സിസ്റ്റ് വിചാരവും പ്രവൃത്തിയുംജൈവമായി കാണുന്ന തിരിച്ചറിവ്. സംഘാടന സഞ്ചാരങ്ങളും വ്യക്തിചര്യകളും താളം തെറ്റിച്ച ഉടലിന്റെസന്തുലനം തിരിച്ചു പിടിക്കാനാവാതെ കിഷോർ കടന്നുപോയി. സ്നേഹവും കരുതലും കൊടുത്തും വാങ്ങിയുംകിഷോർ നമുക്കിടയിലുണ്ട്.
കെ പി ശ്രീകൃഷ്ണൻ

മൂന്നേ മൂന്ന് സിനിമകൾ. 'മറുപാതൈ', 'ഒരു നായയുടെ ഹൃദയം', 'ഒരു കരയ്ക്കും മറ്റനേകങ്ങൾക്കും ഇടയിൽ.' ഇതിൽ മറുപാതൈയിലും ഒരു നായയുടെ ഹൃദയത്തിലും കൃഷ്ണൻ അവന് വേഷങ്ങൾ നൽകി. ഒട്ടും അഭിനയിക്കാൻ അറിയാത്ത ഒരാളെ എങ്ങനെ കൃഷ്ണൻ അഭിനയിപ്പിച്ചു ?
കിഷോർ എത്രകാലം കഴിഞ്ഞ് കണ്ടാലും ഇന്നലെ കണ്ടു പിരിഞ്ഞ ചിരിയോടെ "ഡോ'' എന്നും വിളിച്ച് എവിടെ നിർത്തിയോ അവിടെനിന്ന് സംസാരിച്ചു തുടങ്ങുന്ന സുഹൃത്ത്. എന്റെ രണ്ടു സിനിമകളിൽ കിഷോർ അഭിനയിച്ചിട്ടുണ്ട്. ഒരു അഭിനേതാവ് എന്നതിലുപരി അവന്റെ പ്രസൻസ് എനിക്ക് സന്തോഷം തരുന്നതുകൊണ്ടാണ് കിഷോറിനെ കൂടെ കൂട്ടാറുള്ളത്. "ഡോ...തന്റെ പുതിയ സിനിമേല് എന്നെ വിളിക്കണേ" എന്ന അവന്റെ അവന്റെ അവസാന ഫോൺ സംഭാഷണത്തിലെ പറച്ചിൽ ഓർക്കുന്നു. രാഷ്ട്രീയ, പ്രത്യയശാസ്ത്ര കെട്ടുവള്ളിക്കപ്പുറമുള്ള ഒരു സ്പേസ് കിഷോറും ആയി ഷെയർ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.
ടി പി പ്രേംജി

പ്രേംജിയെപ്പറ്റി എന്തു പറയാൻ. പ്രേംജിയുടെ ശിൽപ്പങ്ങളെ, ചിത്രങ്ങളെക്കാളുപരി കിഷോർ ഏറെ ഇഷ്ടപ്പെട്ടു. എന്തൊരു സൃഷ്ടികൾ എന്ന് വിസ്മയിച്ചു. അതേപ്പറ്റി ഞങ്ങൾ എത്രയോ പറഞ്ഞു. പ്രേംജി പക്ഷേ അതൊന്നും കേട്ടില്ല.
അനായാസമായി ജീവിക്കുക എന്നത് എന്നും നമ്മുടെ വെല്ലുവിളിയാണ്. സ്നേഹത്തിൻ്റെ സ്വആർജിത വഴികളിലൂടെ ഈ അനായാസത കിഷോറിൽ എന്നും സജീവമായിരുന്നു. അവസാന കാലങ്ങളിൽ ഒരല്പം മങ്ങിയും കണ്ടിരുന്നു. രോഗ പ്രതിരോധത്തിൽ അലസതയുണ്ടോ എന്ന് കിഷോറിനെക്കുറിച്ച് ഞാൻ ചിന്തിക്കാറുണ്ടായിരുന്നു. അനായാസമായ സ്നേഹമേ വിട.
ഇക്ബാൽക്ക

പ്രിയപ്പെട്ട ഇക്ബാൽക്ക, അവസാന നാളുകളൊന്നിൽ ഞങ്ങൾ കലഹിച്ചത് താങ്കളെപ്പറ്റി പറഞ്ഞുകൊണ്ടാണ്. ക്ഷമിക്കണേ...
പ്രിയ സഖാവെ, എന്നാണ് നിന്നെ ആദ്യമായി കണ്ടെതെന്ന് എനിക്കോർമ്മയില്ല.പക്ഷെ എന്നും നീ സന്ദേഹിയായിരുന്നു.നിന്റെ ചോദ്യങ്ങൾക്കൊന്നും എന്റെ കയ്യിൽ ഉത്തരങ്ങളുണ്ടായിരുന്നില്ല.അതെ ചോദ്യങ്ങൾ എന്നെയും അലട്ടിയിരുന്നു.ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസ്സിൽനിന്നും പുറത്താകാം പക്ഷെ ചോദ്യം അപ്പോഴും അവശേഷിക്കും.വിജയൻ മാഷുടെ വാക്കുകളാണിവ.കിഷോറെ ഞാനും നീയുമൊക്കെ ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളല്ലേ?