ഡൽഹിയിൽ ശശി തരൂരുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി കെ.വി തോമസ്
ഡൽഹി: കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് കെ വി തോമസ് ശശി തരൂരുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങുന്നു. ഇരുനേതാക്കളും ഡൽഹിയിൽ വെച്ച് കൂടിക്കാഴ്ച്ച നടത്തും. വൈകുന്നേരത്തോടെ തരൂരിനെ ഡൽഹിയിലെ വസതിയിലെത്തി കാണുമെന്ന് കെ.വി തോമസ് പറഞ്ഞു. തന്‍റെ ചുമതലയിലുള്ള ട്രസ്റ്റിന്‍റെ പരിപാടിയിലേക്ക് തരൂരിനെ ക്ഷണിക്കാനാണ് കൂടിക്കാഴ്ചയെന്നാണ് തോമസിന്‍റെ വിശദീകരണം. തരൂരിനെ കൂടാതെ മറ്റ് ചില കോൺഗ്രസ് നേതാക്കളെ കൂടി കാണാൻ തോമസ് ശ്രമിക്കുന്നുണ്ടെന്നാണ് സൂചന. കോൺഗ്രസിന്‍റെയും സിപിഎമ്മിന്‍റെയും നേതാക്കളുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തുമെന്ന് കെ.വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു. തരൂരുമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ലെന്നും പാർട്ടി വിട്ടെങ്കിലും സോണിയാ ഗാന്ധിയുമായും മല്ലികാർജുൻ ഖാർഗെയുമായും തനിക്ക് നല്ല വ്യക്തിബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിൽ നിന്ന് പരിഗണന ലഭിച്ചില്ലെന്ന ആരോപണം ശരിയല്ലെന്നും സ്ഥാനമാനങ്ങൾ ആഗ്രഹിച്ചല്ല സിപിഎമ്മുമായി സഹകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.