കെ വി തോമസിനെ കെപിസിസി പദവികളില്‍ നിന്നും നീക്കി
കെ വി തോമസിനെതിരായ അച്ചടക്ക സമിതിയുടെ നിർദേശങ്ങൾ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചതായി കെ സി വേണുഗോപാൽ. പദവികളിൽ നിന്ന് കെ വി തോമസിനെ മാറ്റി നിർത്താൻ ആണ് തീരുമാനം. എന്ത് നടപടി വേണമെന്നത് അച്ചടക്ക സമിതിയാണ് നിർദേശിക്കേണ്ടത്. ആ നിർദേശം കോണ്ഗ്രസ് അധ്യക്ഷ അംഗീകരിച്ച പശ്ചാത്തലത്തിൽ കെ വി തോമസ് അധ്യായം അവസാനിച്ചുവെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
കെ വി തോമസിനെ പാർട്ടി പദവികളിൽ നിന്ന് നീക്കാൻ കോൺഗ്രസ് അച്ചടക്ക സമിതി ശുപാർശ ചെയ്യുന്നത് ഇന്നലെയാണ്. കോൺഗ്രസ് വിലക്ക് ലംഘിച്ച് സിപിഐഎം സമ്മേളനത്തിൽ പങ്കെടുത്തതിനാണ് നടപടി. രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും പിസിസി എക്‌സിക്യൂട്ടീവിൽ നിന്നും നീക്കാനാണ് അച്ചടക്ക സമിതി ശുപാർശ ചെയ്തത്.
വി എം സുധീരൻ അടക്കമുള്ള നേതാക്കൾ മുൻകാലങ്ങളിൽ പാർട്ടിക്കെതിരെ നടത്തിയ പ്രസ്താവനകളും എ കെ ആന്‍റണി അധ്യക്ഷനായ സമിതിക്ക് നൽകിയ വിശദീകരണത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.