സുപ്രീംകോടതി ജഡ്ജിയായി കെ വി വിശ്വനാഥൻ സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: മലയാളിയും മുതിര്‍ന്ന അഭിഭാഷകനുമായ കെ വി വിശ്വനാഥനും ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രയും സുപ്രീംകോടതി ജഡ്ജിമാരായി ചുമതലയേറ്റു. ചൊവ്വാഴ്ച കൊളീജിയം ശുപാര്‍ശ ചെയ്ത ഇവരെ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചത്. ഇരുവര്‍ക്കും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സത്യവാചകം ചൊല്ലികൊടുത്തു.

ജസ്റ്റിസ് ദിനേഷ് മഹേശ്വരി, ജസ്റ്റിസ് എം ആർ ഷാ എന്നിവർ വിരമിച്ച ഒഴിവുകളിലേക്കായിരുന്നു ഇരുവരെയും കൊളീജിയം ശുപാർശ ചെയ്തത്. പാലക്കാട് കൽപ്പാത്തി സ്വദേശി ആയിരുന്നു കെ വി വിശ്വനാഥൻ. 32 വർഷത്തോളമായി അഭിഭാഷകനായി പ്രവർത്തിക്കുന്ന അദ്ദേഹം പല സുപ്രധാന കേസുകളിൽ സുപ്രീം കോടതി അമിക്കസ് ക്യൂരിയായി നിയമിപ്പിക്കപ്പെട്ടിട്ടുണ്ട്. 2009-ൽ സുപ്രീം കോടതിയിലെ സീനീയർ അഭിഭാഷക പദവിയിലെത്തിയ അദ്ദേഹം 2013ൽ അഡീഷണൽ സോളിസിറ്റർ ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഇതോടെ സുപ്രീംകോടതിയില്‍ ജഡ്ജിമാരുടെ എണ്ണം വീണ്ടും മുഴുവന്‍ അംഗസഖ്യയായ 34-ല്‍ എത്തി. അഭിഭാഷകവൃത്തിയില്‍ നിന്ന് നേരിട്ട് സുപ്രീംകോടതി ജഡ്ജിയായശേഷം ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന നാലാം വ്യക്തിയാവാനും ഇതോടെ കെ വി വിശ്വനാഥന് അവസരമൊരുങ്ങി. ജസ്റ്റിസ് എസ് എം സിക്രിയാണ് ഇത്തരത്തില്‍ ബാറില്‍നിന്ന് നേരിട്ടെത്തി ചീഫ് ജസ്റ്റിസായത്. രണ്ടാമത്തേത് ജസ്റ്റിസ് യു.യു. ലളിതായിരുന്നു. നിലവില്‍ ജഡ്ജിയായ പി.എസ്. നരസിംഹയ്ക്കാണ് അടുത്ത അവസരം.

ജസ്റ്റിസ് ജെ.ബി. പര്‍ദിവാല 2030 ഓഗസ്റ്റ് 11-ന് വിരമിക്കുമ്പോഴാണ് കെ.വി. വിശ്വനാഥന് ചീഫ് ജസ്റ്റിസ് പദവിക്ക് സാധ്യതയുള്ളത്. ചീഫ് ജസ്റ്റിസായാല്‍ 2031 മേയ് 25-ന് വിരമിക്കുംവരെ ആ പദവി വഹിക്കാം.

Related Posts