സ്ത്രീകൾ മാത്രം ജോലി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് സ്കൂട്ടർ നിർമാണ ഫാക്റ്ററി തമിഴ്നാട്ടിൽ

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് സ്കൂട്ടർ നിർമാണ യൂണിറ്റ്, അതും വനിതകൾ മാത്രം ജോലി ചെയ്യുന്ന കമ്പനി രാജ്യത്തെ ഏറ്റവും വലിയ മൊബിലിറ്റി കമ്പനിയായ 'ഒല' യുടെ തമിഴ്നാട്ടിൽ പ്രവർത്തനം തുടങ്ങാനിരിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ നിർമാണ യൂണിറ്റ് ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്.
ഒന്നാം ഘട്ടം കഴിഞ്ഞ ഫാക്റ്ററിയുടെ നിർമാണം പൂർത്തിയാവുമ്പോൾ 10,000 വനിതകൾക്ക് ജോലിയുണ്ടാവും. ഇവിടെ സ്കൂട്ടർ നിർമാണത്തിൻ്റെ മുഴുവൻ ഘട്ടങ്ങളും കൈകാര്യം ചെയ്യുന്നത് സ്ത്രീകളായിരിക്കും. 20 മില്യൺ യൂണിറ്റാണ് പ്രതിവർഷം ഉത്പാദിപ്പിക്കുക. ഇന്ത്യയിൽ വിപണനം ചെയ്യുന്നതിനു പുറമേ അമേരിക്ക ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്കും കയറ്റി അയയ്ക്കും.
ആത്മനിർഭർ ഭാരതത്തിന് ആത്മനിർഭർ വനിതകളാണ് വേണ്ടതെന്ന് ഒല സി ഇ ഒ ഭവിഷ് അഗർവാൾ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ഓൾ-വിമൺ ഫാക്റ്ററിയാണ് തമിഴ്നാട്ടിൽ വരുന്നത്. പുരുഷന്മാർക്ക് തുല്യ നിലയിൽ ജോലി ചെയ്യുന്ന സ്ത്രീകളെയാണ് സമൂഹം ആവശ്യപ്പെടുന്നത്. ഉത്പാദന പ്രക്രിയയ്ക്ക് ആവശ്യമായ മുഴുവൻ പരിശീലനവും വൈദഗ്ധ്യവും സ്ത്രീകൾക്ക് പകർന്നു നൽകിയിട്ടുണ്ട്. ഒല ഫ്യൂച്ചർ ഫാക്റ്ററിയിലെ മുഴുവൻ വാഹനങ്ങളുടെയും നിർമാണ ചുമതല സ്ത്രീകൾക്കായിരിക്കും. സ്ത്രീകളുടെ സാമ്പത്തിക നില മെച്ചപ്പെടുന്നതുവഴി അവരുടെ കുടുംബാംഗങ്ങൾക്കൊപ്പം സമൂഹത്തിൻ്റെ സാമ്പത്തിക സ്ഥിതി കൂടിയാണ് മെച്ചപ്പെടുന്നതെന്ന് ഭവിഷ് അഗർവാൾ അഭിപ്രായപ്പെട്ടു.