ആഗോള പത്രസ്വാതന്ത്ര്യ സൂചികയിൽ ബഹുദൂരം പിന്നിൽ; അംഗീകരിക്കാൻ ആവില്ലെന്ന് ഇന്ത്യ

2021-ലെ ആഗോള പത്രസ്വാതന്ത്ര്യ സൂചികയിൽ (വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്സ്) ഇന്ത്യയ്ക്ക് 142-ാം സ്ഥാനം നൽകിയത് അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ. റിപ്പോർട്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ് എന്ന സംഘടനയുടെ റാങ്കിങ്ങിലാണ് 180 രാജ്യങ്ങളിൽ ഇന്ത്യ 142-ാം സ്ഥാനത്തെത്തിയത്.

ഏറ്റവും പുതിയ റാങ്കിങ്ങിനെക്കുറിച്ച് കോൺഗ്രസ് അംഗം മനീഷ് തിവാരി ഉന്നയിച്ച ചോദ്യൾക്കുള്ള മറുപടിയിലാണ് സർക്കാർ വിയോജിപ്പ് പ്രകടമാക്കിയത്. സാമ്പിളിൻ്റെ വലിപ്പം തീരെ കുറഞ്ഞുപോയെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ചൂണ്ടിക്കാട്ടി. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് വെയിറ്റേജ് നൽകിയില്ല. സംശയാസ്പദവും സുതാര്യമല്ലാത്തതുമായ രീതിയിലാണ് സർവേ നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. പത്രസ്വാതന്ത്ര്യം എന്താണെന്നുപോലും വ്യക്തതയോടെ നിർവചിച്ചിട്ടില്ല.

ജനുവരി 18-ന് കശ്മീർ പ്രസ് ക്ലബ് അടച്ചുപൂട്ടിയതിനെ കുറിച്ചുള്ള തിവാരിയുടെ ചോദ്യത്തിന് ആ പേരിൽ രജിസ്റ്റർ ചെയ്ത ബോഡി ഇല്ലെന്ന് റായ് പറഞ്ഞു. 1860-ലെ സൊസൈറ്റീസ് രജിസ്‌ട്രേഷൻ ആക്‌ട് പ്രകാരം കശ്മീർ പ്രസ് ക്ലബിന് തിരഞ്ഞെടുക്കപ്പെട്ട ഒരു മാനേജിങ്ങ് ബോഡി ഇല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

റിപ്പോർട്ടേഴ്സ് വിതൗട്ട് ബോർഡേഴ്സിൻ്റെ ഇൻഡക്സ് പ്രകാരം ലോകത്ത് ഏറ്റവുമധികം പത്രസ്വാതന്ത്ര്യം നിലനിൽക്കുന്ന രാജ്യം നോർവെ ആണ്. എരിത്രിയ ആണ് ഏറ്റവും പിന്നിൽ. വടക്കൻ കൊറിയ തൊട്ടുമുന്നിൽ 179-ാം സ്ഥാനത്താണ്. നോർവയ്ക്കു പുറമേ ഫിൻലൻഡ്, സ്വീഡൻ, ഡെൻമാർക്ക്, കോസ്റ്ററിക്ക എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ചിൽ ഇടം പിടിച്ചത്.

Related Posts