ചക്കംകണ്ടത്ത് കായൽ ടൂറിസം നടപ്പിലാക്കും - മന്ത്രി കെ രാജൻ
ചക്കംകണ്ടം പ്രദേശത്ത് കായൽ ടൂറിസം നടപ്പിലാക്കാൻ പിന്തുണ നൽകുമെന്നും വിഷയം സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ട് വരുമെന്നും റവന്യൂമന്ത്രി കെ രാജൻ. ഗുരുവായൂരിലെ ചക്കംകണ്ടം കായൽ കടവിൽ നടന്ന കൗൺസിലർ അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കായൽ ടൂറിസത്തിൻ്റെ ആധുനിക സാധ്യതകളെകുറിച്ച് പഠിക്കേണ്ടതുണ്ടെന്നും ഗുരുവായൂരിൻ്റെ വ്യത്യസ്ത മുഖമായി ചക്കംകണ്ടം മാറുമെന്നും മന്ത്രി പറഞ്ഞു.
എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ഗുരുവായൂർ നഗരസഭ ചക്കംകണ്ടം വാർഡ് തല വികസനസമിതിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കോവിഡ് പ്രതിസന്ധികളും ഓൺലൈൻ പഠനത്തിൻ്റെ പരിമിതികളും തരണം ചെയ്ത് വിജയിച്ച 45 വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. ഗുരുവായൂർ നഗരസഭ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും ചക്കംകണ്ടം പ്രദേശത്തെ വാർഡ് കൗൺസിലറുമായ എ എം ഷെഫീറിൻ്റെ പേരിലാണ് കൗൺസിലർ അവാർഡ് നൽകിയത്.