ലഖിംപുർ ഖേരിയിൽ പ്രവേശിക്കാനാവില്ല, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘത്തിന് അനുമതി നിഷേധിച്ചു
യു പി: നാല് കർഷകരടക്കം എട്ടുപേർ കൊല്ലപ്പെട്ട ലഖിംപുർ ഖേരിയിൽ പ്രവേശിക്കാൻ കോൺഗ്രസ് സംഘത്തിന് അനുമതി നിഷേധിച്ച് ഉത്തർപ്രദേശ് സർക്കാർ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാൻ അനുമതി തേടിയത്. മേഖലയിൽ നിരോധനാജ്ഞ നിലവിലുള്ളതിനാൽ പ്രവേശനം അനുവദിക്കാനാവില്ല എന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം. സംഭവത്തിൽ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ കീഴിൽ ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
ഇന്നലെ തൃണമൂൽ കോൺഗ്രസ്, രാഷ്ട്രീയ ലോക്ദൾ നേതാക്കൾക്ക് പ്രദേശം സന്ദർശിക്കാനുള്ള അനുമതി നൽകിയിരുന്നു. കോൺഗ്രസ് സംഘത്തിന് അനുമതി നിഷേധിച്ച സാഹചര്യത്തിൽ രാവിലെ ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് രാഹുൽ ഗാന്ധി പത്രസമ്മേളനം വിളിച്ചിട്ടുണ്ട്. അതിനിടെ കർഷകരെ കാർ കയറ്റിയും വെടിവെച്ചും കൊന്നതായി ആരോപിക്കപ്പെടുന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ ഒരാഴ്ചയ്ക്കുള്ളിൽ അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കുമെന്ന് കർഷക സംഘടനാ നേതാവ് രാഗേഷ് ടിക്കായത്ത് യു പി സർക്കാരിന് മുന്നറിയിപ്പ് നൽകി. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. മന്ത്രിമാർ ഉൾപ്പെടെയുള്ളവർ കുറ്റകൃത്യത്തിൽ പങ്കാളികളാണെന്ന് ഹർജിയിൽ പറയുന്നു.