ജനവാസമില്ലാത്ത ദ്വീപുകളിലേക്ക് മുൻകൂർ അനുമതിയില്ലാതെ പ്രവേശനം നിരോധിച്ച് ലക്ഷദ്വീപ് ഭരണകൂടം
കവരത്തി: ജനവാസമില്ലാത്ത 17 ദ്വീപുകളിലേക്ക് മുൻകൂർ അനുമതിയില്ലാതെ പ്രവേശനം ലക്ഷദ്വീപ് ഭരണകൂടം നിരോധിച്ചു. ഐപിസി സെക്ഷൻ 144 പ്രകാരമാണ് ലക്ഷദ്വീപ് ജില്ലാ മജിസ്ട്രേറ്റിന്‍റെ ഉത്തരവ്. ഈ ദ്വീപുകളിൽ പ്രവേശിക്കാൻ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്‍റെ അനുമതി ആവശ്യമാണ്. ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. തീവ്രവാദവും കള്ളക്കടത്തും തടയാനുള്ള നീക്കമെന്നാണ് സർക്കാരിൻ്റെ വിശദീകരണം. മറ്റ് ദ്വീപുകളില്‍ നിന്നും തേങ്ങയിടാനെത്തുന്ന തൊഴിലാളികള്‍ക്ക് താമസിക്കാന്‍ തയ്യാറാക്കിയ താത്കാലിക നിര്‍മ്മിതികളാണ് ഈ ദ്വീപുകളില്‍ പ്രധാനമായും ഉള്ളത്. ജോലിക്കെത്തുന്ന തൊഴിലാളികൾ നിയമവിരുദ്ധവും ദേശവിരുദ്ധവും സാമൂഹിക വിരുദ്ധവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ഉത്തരവിൽ പറയുന്നു. ആയുധങ്ങളും മയക്കുമരുന്നുകളും കടത്താനും ഒളിപ്പിക്കാനും ദ്വീപ് ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.