ലക്ഷദ്വീപ് കപ്പലുകള്‍ വെട്ടിക്കുറച്ചു; 800 പേർ കോഴിക്കോട് കുടുങ്ങി

ബേപ്പൂർ: യാത്രാക്കപ്പലുകളുടെ എണ്ണം വെട്ടിക്കുറച്ചതോടെ 800 ലക്ഷദ്വീപ് നിവാസികൾ കോഴിക്കോട് നഗരത്തിൽ കുടുങ്ങി. ചികിത്സ, പഠനം, വ്യാപാരം തുടങ്ങിയ ആവശ്യങ്ങൾക്കു മലബാറിൽ എത്തിയവരാണ് കഴിഞ്ഞ ഒരു മാസമായി നാട്ടിലേക്കു പോകാനാകാതെ വലയുന്നത്. മൺസൂണിനോട് അനുബന്ധിച്ചു ബേപ്പൂരിൽ നിന്നുള്ള യാത്രാക്കപ്പൽ സർവീസ് നിർത്തിവച്ചിരിക്കുകയാണെങ്കിലും കൊച്ചിയിൽ നിന്നുള്ള സർവീസിന് ഇവിടെ ടിക്കറ്റ് വിതരണമുണ്ട്. 14ന് ആന്ത്രോത്ത് ദ്വീപിലേക്കു പോകുന്ന അറേബ്യൻ സീ കപ്പൽ ടിക്കറ്റിനു ലക്ഷദ്വീപ് പോർട്ട് അസിസ്റ്റന്റ് ഡയറക്ടർ ഓഫിസ് കൗണ്ടറിൽ ഞായറാഴ്ച എത്തിയ 164 പേരിൽ 20 പേർക്കു മാത്രമാണു ടിക്കറ്റ് ലഭിച്ചത്.
മറ്റു ദ്വീപുകളിലെക്കുള്ളവരുടെയും യാത്ര അനിശ്ചിതത്വത്തിലാണ്. യാത്രാ മാർഗം ഇല്ലാത്തതിനാൽ ഒട്ടേറെ പേർ ബേപ്പൂരിലെയും നഗരത്തിലെയും ലോഡ്ജുകളിൽ കഴിയുന്നുണ്ട്. വിവിധ ആശുപത്രികളിൽ നിന്നു ചികിത്സ കഴിഞ്ഞു മടങ്ങേണ്ടവരാണ് ഇവരിൽ ഏറെയും. ദിവസങ്ങളോളം ലോഡ്ജുകളിൽ തങ്ങുന്നവർക്കു വലിയ സാമ്പത്തിക ബാധ്യത വരികയാണ്.
കൊച്ചിയിൽ നിന്നും ബേപ്പൂരിൽ നിന്നുമായി 7 കപ്പലുകളാണ് ലക്ഷദ്വീപിലേക്കു സർവീസ് നടത്തിയിരുന്നത്. ഇതു രണ്ടാക്കി വെട്ടിക്കുറച്ചതാണു യാത്രാ പ്രതിസന്ധി രൂക്ഷമാക്കിയത്. എംവി കോറൽസ്, എംവി അറേബ്യൻ സീ എന്നീ കപ്പലുകൾ മാത്രമാണു നിലവിൽ സർവീസ് നടത്തുന്നത്.