പതിനേഴ് വയതിനിലെ ലക്ഷ്മി ഗോപാലസ്വാമി, സ്വന്തം മേക്കപ്പെന്ന് താരസുന്ദരി
പതിനേഴാം വയസ്സിലെ മനോഹരമായ ത്രോ ബാക്ക് ചിത്രം പങ്കുവെച്ച് പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര താരവും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം തന്റെ പഴയചിത്രം ആരാധകരുമായി പങ്കുവെച്ചത്. ഭരതനാട്യം വേഷത്തിൽ അണിഞ്ഞൊരുങ്ങിയുള്ള ചിത്രമാണ്.
സ്വന്തം മേക്കപ്പാണെന്നും അതുപോലും വേണ്ട രീതിയിൽ ചെയ്തിട്ടില്ലെന്നും ചിത്രത്തോടൊപ്പമുള്ള കുറിപ്പിൽ താരം പറയുന്നുണ്ട്. അൽപ്പം കൺമഷിയും ലിപ്സ്റ്റിക്കും മാത്രമാണ് ഉപയോഗിച്ചത്. ഫൗണ്ടേഷനെ കുറിച്ചൊന്നും അന്ന് വേണ്ടത്ര ധാരണ ഉണ്ടായിരുന്നില്ല. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ ലെജണ്ടറി ഫോട്ടോഗ്രാഫർ ധീരജ് ചൗദയാണ് ഫോട്ടോ എടുത്തതെന്നും പോസ്റ്റിലുണ്ട്.
ലോഹിതദാസ് സംവിധാനം ചെയ്ത 'അരയന്നങ്ങളുടെ വീട് ' എന്ന ചിത്രത്തിലൂടെയാണ് ബെംഗളൂരുകാരി ലക്ഷ്മി ഗോപാലസ്വാമി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള വേഷം മികച്ച സഹനടിക്കുള്ള ആ വർഷത്തെ സംസ്ഥാന അവാർഡ് നേടിക്കൊടുത്തു. 2007 ൽ ബാബു തിരുവല്ല സംവിധാനം ചെയ്ത 'തനിയെ', പി ടി കുഞ്ഞുമുഹമ്മദിൻ്റെ 'പരദേശി' എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടി. 'കൊച്ചു കൊച്ചു സന്തോഷങ്ങൾ', 'മാമ്പഴക്കാലം', 'വാമനപുരം ബസ്സ് റൂട്ട് ', 'കീർത്തിചക്ര', 'പകൽ നക്ഷത്രങ്ങൾ', 'ഭ്രമരം', 'ഇവിടം സ്വർഗമാണ് ', 'ശിക്കാർ', 'ക്രിസ്ത്യൻ ബ്രദേഴ്സ് ', 'വീരപുത്രൻ', 'കടൽ കടന്ന് ഒരു മാത്തുക്കുട്ടി', 'ഒരു ഇന്ത്യൻ പ്രണയകഥ', 'ജാക്ക് ആന്റ് ഡാനിയേൽ' തുടങ്ങിയ ഒരു നിര ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. റോഷൻ ആൻഡ്രൂസിന്റെ ദുൽഖർ സൽമാൻ ചിത്രം 'സല്യൂട്ട് ' ആണ് പുറത്തിറങ്ങാനിരിക്കുന്ന സിനിമ.