മുപ്പതിൻ്റെ മൂപ്പെത്തിയ ദാമ്പത്യം; വിവാഹ വാർഷിക ദിനത്തിൽ ലാൽ ജോസ്
ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തൻ്റേതായ ഇടം കണ്ടെത്തിയ സംവിധായകനാണ് ലാൽ ജോസ്. മീശ മാധവനും ക്ലാസ്മേറ്റ്സും അറബിക്കഥയും ഉൾപ്പെടെ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളാണ് മലയാളികൾക്ക് ലാൽ ജോസ് സമ്മാനിച്ചത്.
തൃശൂർ ജില്ലയിലെ വലപ്പാടാണ് ലാൽ ജോസിൻ്റെ സ്വദേശം. മേച്ചേരി ജോസിൻ്റെയും ലില്ലിയുടെയും മകനായി ജനിച്ച ലാൽ ജോസിൻ്റെ കുടുംബം പിന്നീട് പാലക്കാട്ടേക്ക് താമസം മാറ്റി. പ്രശസ്ത സംവിധായകൻ കമലിൻ്റെ സംവിധാന സഹായിയായാണ് സിനിമയിൽ തുടക്കം കുറിക്കുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമായി സാന്നിധ്യം അറിയിക്കുന്നയാളാണ് ലാൽ ജോസ്. സിനിമാ വിശേഷങ്ങൾക്കൊപ്പം കുടുംബ കാര്യങ്ങളും അദ്ദേഹം ഇടയ്ക്കിടെ പങ്കുവെയ്ക്കാറുണ്ട്. ഇന്ന് തൻ്റെ മുപ്പതാം വിവാഹ വാർഷികമാണ് എന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. മുപ്പതിൻ്റെ മൂപ്പെത്തിയ ദാമ്പത്യം എന്നാണ് വിവാഹ ജീവിതത്തെ കുറിച്ചുള്ള അദ്ദേഹത്തിൻ്റെ വിശേഷണം. ഭാര്യ ലീനയ്ക്കും പേരക്കുട്ടി മാത്തുവിനും ഒപ്പമുള്ള മനോഹരമായ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. എടാ മാത്തൂ, അപ്പുവിൻ്റെയും അമ്മുവിൻ്റെയും ദാമ്പത്യത്തിന് ഇന്ന് മുപ്പതിൻ്റെ മൂപ്പെത്തുന്നു. ഇക്കുറി ഞങ്ങൾക്ക് കിട്ടിയ വലിയ സമ്മാനം നീയാണ് എന്ന വാക്കുകളും ഒപ്പമുണ്ട്.