ഇതുവരെ മലയാളികള്‍ കാണാത്ത പുത്തന്‍ ലുക്കില്‍ ലാലേട്ടന്‍; ബറോസിന്റെ ഫസ്റ്റ് ലുക്ക്
തല മൊട്ടയടിച്ച് തൊപ്പിയും വച്ച് ബറോസ് ലൊക്കേഷനില്‍ വച്ച് അണിയറ പ്രവര്‍ത്തകരില്‍ ഒരാളുടെ പിറന്നാള്‍ ആഘോഷിക്കുന്ന ലാലേട്ടന്റെ വീഡിയോ വൈറലാകുന്നു. താരത്തിന്റെ ഫാന്‍ പേജിലൂടെയാണ് വിഡിയോ പുറത്തുവന്നത്.
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. പുതുവര്‍ഷാശംസകള്‍ നേര്‍ന്നുകൊണ്ട് മോഹന്‍ലാല്‍ ആണ് ബറോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. ഇതുവരെ മലയാളികള്‍ കാണാത്ത, തലമൊട്ടയടിച്ച് താടി വളര്‍ത്തിയ ലുക്കിലാണ് ഈ ചിത്രത്തിൽ മോഹന്‍ലാലെത്തുന്നത്.
പഴയ വെസ്റ്റേണ്‍ രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് ഇരിക്കുന്ന താരത്തിന്റെ ചിത്രം ആരാധകരുടെ മനം കവരുകയാണ്. 1984ല്‍ ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായിരുന്ന മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രം ഒരു ഭൂതമാണ്. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.
ബിഗ് ബജറ്റ് ത്രീഡി ഫാന്റസിയായി എടുക്കുന്ന ഈ ചിത്രത്തില്‍ സ്‌പെയിന്‍, പോര്‍ചുഗല്‍, ഘാന, അമേരിക്ക എന്നിവിടങ്ങളില്‍നിന്നുള്ള അന്തര്‍ദേശീയ അഭിനേതാക്കള്‍ വേഷമിടുന്നുണ്ട്. മോഹന്‍ലാല്‍ തന്നെയാണ് സിനിമയില്‍ പ്രധാനകഥാപാത്രമായ ബറോസ് എന്ന ഭൂതത്തെ അവതരിപ്പിക്കുന്നത് . സന്തോഷ് ശിവനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍.