ആറാട്ടിൻ്റെ ട്രെയ്ലർ ഇന്ന് വൈകീട്ട്; ആകാംക്ഷയോടെ ലാലേട്ടൻ ആരാധകർ
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമായ ആറാട്ടിൻ്റെ ട്രെയ്ലർ ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് പുറത്തിറങ്ങും. ബി ഉണ്ണികൃഷ്ണനാണ് ചിത്രത്തിൻ്റെ സംവിധായകൻ. ചിത്രത്തിൻ്റെ ടീസറിന് ലഭിച്ച വൻസ്വീകാര്യത ട്രെയ്ലറിനും ലഭിക്കും എന്ന കണക്കുകൂട്ടലിലാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ.
നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. തിരുവനന്തപുരത്തെ നെയ്യാറ്റിൻകരയിൽ നിന്ന് ഒരു പാലക്കാടൻ ഗ്രാമത്തിലേക്ക് യാത്ര ചെയ്യുന്ന ഗോപന് ഒരു പ്രത്യേക ലക്ഷ്യമുണ്ട്. ഗോപൻ്റെ പാലക്കാടൻ യാത്രയും തുടർന്നുളള സംഭവ ബഹുലമായ സന്ദർഭങ്ങളുമാണ് ചിത്രത്തിൽ ഇതൾ വിരിയുന്നത്. പുലിമുരുകൻ എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിന് ശേഷം ഉദയകൃഷ്ണയും വില്ലന് ശേഷം ബി ഉണ്ണികൃഷ്ണനും ലാലിനൊപ്പം ഒന്നിക്കുന്ന ചിത്രമാണ് ആറാട്ട്. തിരുവനന്തപുരം, പാലക്കാട്, ഹൈദരാബാദ് എന്നിവയാണ് ചിത്രത്തിൻ്റെ ലൊക്കേഷനുകൾ.
കോമഡിയും ആക്ഷനുമെല്ലാം കുത്തിനിറച്ച മാസ് എൻ്റർടെയ്‌നർ ആയിരിക്കും ആറാട്ട് എന്നാണ് അണിയറ പ്രവർത്തകരുടെ അവകാശവാദം. ഒരു കറുത്ത ബെൻസ് കാറാണ് ചിത്രത്തിൽ മോഹൻലാലിൻ്റെ കഥാപാത്രം ഉപയോഗിക്കുന്നത്. ചിത്രീകരണ വേളയിൽ തന്നെ കാറിൻ്റെ നമ്പർ
സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ രാജാവിൻ്റെ മകൻ എന്ന ചിത്രത്തിലൂടെ ഹിറ്റായ 22 55 എന്ന നമ്പറാണ് കാറിന് നൽകിയിരിക്കുന്നത്. ലാലിൻ്റെ വിൻസൻ്റ് ഗോമസ് എന്ന കഥാപാത്രം അംബിക അവതരിപ്പിച്ച നാൻസിയോട് പറയുന്ന ''മൈ ഫോൺ നമ്പർ ഈസ് ഡബിൾ ടു ഡബിൾ ഫൈവ് " എന്ന സംഭാഷണം അക്കാലത്തെ മാസ് ഡയലോഗുകളിൽ ഒന്നായിരുന്നു.