തന്റെ നായികമാർക്ക് ഇത്രയും സൗന്ദര്യം ആവശ്യമില്ലായിരുന്നു; മമ്തയോട് ലാൽ ജോസ്
സിനിമയിൽ വന്നിട്ട് ഏറെ നാളായിട്ടും എന്തുകൊണ്ട് തനിക്കൊരു വേഷം തന്നില്ല എന്ന മംമ്തയുടെ ചോദ്യത്തിന് രസകരമായ ഉത്തരം നൽകിയിരിക്കുകയാണ് ലാൽ ജോസ്. ആദ്യമായി ലാൽ ജോസിന്റെ ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് താരം. മംമ്ത മോഹൻദാസിനേയും സൗബിൻ ഷാഹിറിനേയും പ്രധാന കഥാപാത്രങ്ങളാക്കി ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് മ്യാവൂ. ലാൽ ജോസിന്റെ ചിത്രത്തിൽ ആദ്യമായാണ് മമ്ത അഭിനയിക്കുന്നത്. തനിക്ക് സിനിമയിൽ വേഷം തരാതിരുന്നത് എന്താണെന്ന മംമ്തയുടെ ചോദ്യത്തിന് തന്റെ നായികമാർക്ക് ഇത്രയും സൗന്ദര്യം ആവശ്യമില്ലായിരുന്നു എന്നാണ് അഭിമുഖത്തിൽ ലാൽ ജോസ് പറഞ്ഞത്.
'സിനിമയിൽ അരങ്ങേറ്റം കുറിച്ചിട്ട് 15 വർഷമായി. എന്നിട്ടും ഇത്രനാളായിട്ടും എന്തുകൊണ്ട് തനിക്കൊരു വേഷം തന്നില്ല' എന്നായിരുന്നു മംമ്തയുടെ ചോദ്യം. "ഇതുവരെയുള്ള എന്റെ നായികമാർക്ക് ഇത്രയും സൗന്ദര്യം ആവശ്യമില്ലായിരുന്നു. മംമ്തയ്ക്ക് നഗര വനിതയുടെ ഛായയും പെരുമാറ്റവുമാണ്. എന്റെ സിനിമകൾ മിക്കതും ഗ്രാമീണ പശ്ചാത്തലത്തിലുള്ളവയും. 'മ്യാവൂ'വിലെ സുലേഖയുടെ വേഷം മംമ്തയ്ക്ക് കൃത്യമാണ്. സുലു സുന്ദരിയാണ്, ഗൾഫിൽ ജനിച്ചു വളർന്നവളാണ്. തലശ്ശേരിക്കാരിയാണ്. മംമ്തയ്ക്ക് തലശ്ശേരി ഭാഷ അറിയാം എന്നതും എനിക്ക് ഗുണമായി. മൂന്നു മുതിർന്ന കുട്ടികളുടെ അമ്മ എന്ന കാര്യത്തിൽ മംമ്തയ്ക്ക് സംശയമുണ്ടായിരുന്നു. നേരത്തെ വിവാഹം കഴിഞ്ഞതാണ്, പ്രായം കൂടിയ കഥാപാത്രമല്ല എന്നു പറഞ്ഞു കൊടുത്തു.- ലാൽ ജോസ് മറുപടി നൽകി.
ഫഹദ് ഫാസിലിനെ നായകനാക്കിയെടുത്ത ഡയമണ്ട് നെക്ലസിൽ സംവൃത ചെയ്ത വേഷത്തിലേക്ക് മംമ്തയെ ആലോചിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മംമ്തയുടെ ജീവിതവുമായി ബന്ധമുള്ള കഥാപാത്രമായതു കൊണ്ടാണ് മടിയുണ്ടായത്. കാൻസർ ബാധിച്ച പെൺകുട്ടിയുടെ വേഷം അഭിനയിക്കുന്നതു വൈകാരികമായ ഷോക്ക് ആകുമോ എന്ന് സംശയമായി. വീണ്ടും ആ രോഗാദിനങ്ങൾ താൻ ഓർമ്മിപ്പിക്കുന്ന പോലെയാകുമോ എന്ന പേടിയിലാണ് വിളിക്കാതിരുന്നതെന്നും ലാൽ ജോസ് പറഞ്ഞു.