കാലിത്തീറ്റ കുംഭകോണ കേസിൽ ലാലു പ്രസാദ് യാദവിന് 5 വർഷം തടവും 60 ലക്ഷം രൂപ പിഴയും
കുപ്രസിദ്ധമായ കാലിത്തീറ്റ കുംഭകോണ കേസിൽ രാഷ്ട്രീയ ജനതാദൾ നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് 5 വർഷം തടവ് ശിക്ഷ വിധിച്ച് റാഞ്ചിയിലെ സി ബി ഐ പ്രത്യേക കോടതി. 60 ലക്ഷം രൂപ പിഴ നൽകണമെന്നും വിധിയിൽ പറയുന്നു.
കേസിൽ ആർ ജെ ഡി മേധാവി കുറ്റക്കാരനാണെന്ന് ഫെബ്രുവരി 15-ന് കോടതി കണ്ടെത്തിയിരുന്നു. ശിക്ഷ ഇന്നാണ് വിധിച്ചത്. 139.35 കോടി രൂപയുടെ ക്രമക്കേടുകളാണ് കേസിൽ കോടതി കണ്ടെത്തിയത്.
കഴിഞ്ഞയാഴ്ചയിലെ കോടതി വിധിയെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ലാലു പ്രസാദിനെ ഹോത്വാർ ജയിലിൽ നിന്ന് റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് (റിംസ്) മാറ്റിയിരുന്നു. ജാർഖണ്ഡിലെ ദുംക, ദിയോഘർ, ചൈബാസ ട്രഷറി ഇടപാടുകളിലെ തിരിമറികളുമായി ബന്ധപ്പെട്ട മറ്റ് നാല് കേസുകളിൽ 73 കാരനായ ലാലു പ്രസാദിനെ നേരത്തേ 14 വർഷം തടവിന് കോടതി ശിക്ഷിച്ചിരുന്നു.