തേജസ്വി പാർടി പ്രസിഡണ്ട് ആവുമെന്ന് പറയുന്നവർ വിഡ്ഢികളാണെന്ന് ലാലുപ്രസാദ് യാദവ്
രാഷ്ട്രീയ ജനതാ ദൾ (ആർ ജെ ഡി) പ്രസിഡണ്ടായി തേജസ്വി യാദവ് ഉടൻ ചുമതല ഏൽക്കുമെന്ന പ്രചാരണങ്ങൾ തള്ളി തേജസ്വിയുടെ പിതാവും നിലവിൽ പാർടി അധ്യക്ഷനുമായ ലാലുപ്രസാദ് യാദവ്. തേജസ്വി പാർടി പ്രസിഡണ്ട് ആവുമെന്ന് പറയുന്നവർ വിഡ്ഢികളാണെന്ന് അദ്ദേഹം പരിഹസിച്ചു.
തേജസ്വി യാദവിനെ പാർടിയുടെ ദേശീയ അധ്യക്ഷനാക്കുമോ എന്ന ചോദ്യത്തിന്, "ഇത്തരം വാർത്തകൾ നൽകുന്നവർ വിഡ്ഢികളാണ്, എന്ത് സംഭവിച്ചാലും ഞങ്ങൾ അറിയും," എന്ന് ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
തേജസ്വിയെ പാർടി അധ്യക്ഷനാക്കുമെന്ന പ്രചാരണങ്ങൾ തള്ളി ഇന്നലെ ആർ ജെ ഡി നേതാവ് തേജ് പ്രതാപ് യാദവും രംഗത്തെത്തിയിരുന്നു. ആർ ജെ ഡി യുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം ഫെബ്രുവരി 10-ന് പട്‌നയിൽ നടക്കും. ബിഹാർ മുൻ മുഖ്യമന്ത്രി റാബ്‌റി ദേവിയും ആർ ജെ ഡി നേതാവ് തേജസ്വി യാദവും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. എക്‌സിക്യൂട്ടീവ് യോഗത്തിൽ ലാലു പ്രസാദ് യാദവ് പങ്കെടുക്കുമോ എന്നതിൽ വ്യക്തതയില്ല.