അർഹരായ മുഴുവൻ ജനങ്ങൾക്കും പട്ടയം നൽകും, അനധികൃത ഭൂമി കയ്യേറ്റത്തിൽ കർശന നടപടി - റവന്യൂ മന്ത്രി കെ രാജൻ
കേരളത്തിലെ അർഹരായ മുഴുവൻ ജനങ്ങൾക്കും പട്ടയം നൽകുക എന്നതാണ് ഈ സർക്കാരിനെ പ്രധാന ലക്ഷ്യം. ഇതിലുള്ള തടസങ്ങൾ ഉടൻ നീക്കും. പ്രധാന പട്ടയ പ്രശ്നങ്ങൾ പരിഹരിക്കാനായി സാങ്കേതിക തടസങ്ങൾ പരിഹരിക്കാൻ നിയമഭേദഗതികളോ ഉത്തരവുകളോ കൊണ്ടുവരേണ്ടിവന്നാൽ അതിനുള്ള ശ്രമങ്ങളും നടത്തും. അതേസമയം അനധികൃത ഭൂമി കയ്യേറ്റത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത്തരം കേസുകൾ സമയബന്ധിതമായി പരിശോധിച്ച് ഇടപെടും. ഇതിന് വേണ്ടി നിയമ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.ഡിജിറ്റൽ സർവേ നടപടിക്രമങ്ങൾ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ സംസ്ഥാനത്ത് അതിവേഗം മുന്നോട്ടു പോകുന്നു. ഇതിനായി അത്യാധുനിക ഡിജിറ്റൽ റീസർവേ സംവിധാനമായ കോർ (കണ്ടിന്യൂസ് ലി ഓപ്പറേഷൻ റഫെറൻസ്) സിസ്റ്റം നടപ്പിലാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കാനുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടന്നു വരുന്നു. ജില്ലയിൽ 255 വില്ലേജ് ഓഫീസുകളിൽ 253 വില്ലേജ് ഓഫീസുകളും ഡിജിറ്റലായി. രണ്ടിടത്ത് ഡാറ്റാ എൻഡ്രി പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.ഇ ഗവേണസ് സംവിധാനം അതിവേഗം നടപ്പിലാക്കി അഴിമതിരഹിത വില്ലേജ് ഓഫീസുകൾ തീർക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. തൃശൂർ താലൂക്ക് ഓഫീസുമായി ബന്ധപ്പെട്ട പൈതൃക കെട്ടിടം 100 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. റവന്യൂ വകുപ്പുമായി ബന്ധപ്പട്ട വിവിധ നിർമ്മാണ പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കും. കുതിരാൻ ഇടത് തുരങ്കം ഓഗസ്റ്റ് ഒന്നിന് തന്നെ തുറക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ബക്രീദിനോടനുബന്ധിച്ച് സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വ്യാപാര സ്ഥാപനങ്ങൾ വിൽപന നടത്തണമെന്നും റവന്യൂ മന്ത്രി പറഞ്ഞു. കലക്ടർ ഹരിത വി കുമാർ സന്നിഹിതയായിരുന്നു.