ഭൂമിയിടപാട് കേസ്; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: സീറോ മലബാർ സഭ ഭൂമിയിടപാട് കേസിൽ വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഹർജി സുപ്രീം കോടതി തള്ളി. നാളെ കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യമാണ് തള്ളിയത്. കർദിനാളിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂതറയാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. എന്നാൽ കർദിനാളിനോട് നേരിട്ട് ഹാജരാകണമെന്ന ഹൈക്കോടതി ഉത്തരവ് മറച്ച് വച്ചാണ് ആവശ്യം ഉന്നയിച്ചതെന്ന് ഹർജിക്കാരനായ ഷൈൻ വർഗീസിന്‍റെ അഭിഭാഷകൻ രാകേന്ദ് ബസന്ത് കോടതിയെ അറിയിച്ചു. കർദിനാളിന് ഇളവ് നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മതമേലധ്യക്ഷൻമാർക്ക് നിയമത്തിൽ പ്രത്യേക ഇളവുകളൊന്നുമില്ലെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ബസന്ത് വാദിച്ചു. കർദിനാളിന്‍റെ ഹർജിയിൽ ഇടപെടാനാകില്ലെന്ന് ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അതേസമയം, ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കർദിനാൾ മാർ ആലഞ്ചേരി സമർപ്പിച്ച ഹർജിയും പള്ളികളുടെ ഭൂമിയും സ്വത്തുക്കളും വിൽക്കാൻ ബിഷപ്പുമാർക്ക് അവകാശമില്ലെന്ന ഹൈക്കോടതി ഉത്തരവിലെ തുടർനടപടികൾക്കെതിരെ വിവിധ രൂപതകൾ സമർപ്പിച്ച ഹർജിയും സുപ്രീം കോടതി അടുത്ത വർഷം ജനുവരി 10ലേക്ക് മാറ്റി.