വെള്ളത്തിനടിയിലെ ഏറ്റവും വലിയ ഛായാചിത്രം: റെക്കോർഡ് നേടി വിക്രം ബത്രയുടെ ഛായാചിത്രം
തിരുവനന്തപുരം: കാർഗിൽ വിജയ് ദിവസ് ആഘോഷങ്ങളുടെ ഭാഗമായി പാങ്ങോട് സൈനിക കേന്ദ്രത്തിൽ ആർട്ടിസ്റ്റ് ഡാവിഞ്ചി സുരേഷ് സ്ഥാപിച്ച ക്യാപ്റ്റൻ വിക്രം ബത്രയുടെ ഛായാചിത്രം ഏറ്റവും വലിയ അണ്ടർവാട്ടർ ഛായാചിത്രത്തിനുള്ള യൂണിവേഴ്സൽ വേൾഡ് റെക്കോർഡ് നേടി. കാർഗിൽ രക്തസാക്ഷിയും പരംവീർ ചക്ര ജേതാവുമാണ് ക്യാപ്റ്റൻ വിക്രം ബത്ര. കാർഗിൽ വിജയ് ദിവസിന്‍റെ ഭാഗമായി ബോണ്ട് വാട്ടർ സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ സ്കൂബാ ടീമുമായി സഹകരിച്ചാണ് കരസേന ഈ പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ യൂണിവേഴ്സൽ റെക്കോർഡ് ഫോറം ഭാരവാഹികൾ വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് കൈമാറി. ടൈലുകൾ ഉപയോഗിച്ച് നിർമ്മിച്ച 1500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള അണ്ടർവാട്ടർ ഛായാചിത്രം പൂർത്തിയാക്കാൻ 8 മണിക്കൂർ സമയമെടുത്തു. മുഖ്യാതിഥി പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ, ആർട്ടിസ്റ്റ് ഡാവിഞ്ചി സുരേഷ്, ബോണ്ട് വാട്ടർ സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് ടീം എന്നിവർക്ക് മെമന്‍റോ കൈമാറി. പരിപാടിയുടെ ഭാഗമായി സൈനിക ബാൻഡ് ഡിസ്‌പ്ലേയും സംഘടിപ്പിച്ചു. കാർഗിൽ വിജയ് ദിവസിനോടനുബന്ധിച്ച് രാവിലെ നടന്ന ചടങ്ങിൽ പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ പാങ്ങോട് യുദ്ധസ്മാരകത്തിൽ പുഷ്പാർച്ചന നടത്തുകയും കാർഗിൽ യുദ്ധവീരൻമാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.