യുഗാന്ത്യം; ലതാ മങ്കേഷ്കർക്ക് വിട
ഭാരതരത്നം, പത്മ വിഭൂഷൺ, പത്മഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ഉൾപ്പെടെ രാജ്യം ആദരിക്കുന്ന മുഴുവൻ ബഹുമതികളും നേടിയിട്ടുണ്ട്. ഫ്രഞ്ച് സർക്കാരിൻ്റെ പരമോന്നത ബഹുമതിയായ ലീജിയൻ ഓഫ് ഓണർ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ബഹുമതികളും തേടിയെത്തി. മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് മൂന്ന് തവണ ലഭിച്ചിട്ടുണ്ട്.
മുപ്പത്തിയാറ് ഇന്ത്യൻ ഭാഷകളിലും റഷ്യൻ, സ്പാനിഷ് ഉൾപ്പെടെ നിരവധി വിദേശ ഭാഷകളിലുമായി മുപ്പതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. നെല്ല് എന്ന ചിത്രത്തിലെ "കദളി ചെങ്കദളി" എന്ന മനോഹരമായ ഗാനത്തിലൂടെ മലയാളത്തിലും ലതാ മങ്കേഷ്കർ തൻ്റെ അനന്യമായ സ്വരമാധുരി കേൾപ്പിച്ചിട്ടുണ്ട്.
1929-ൽ മധ്യപ്രദേശിലെ ഇൻഡോറിൽ ഒരു കൊങ്കണി കുടുംബത്തിലാണ് ലത ജനിച്ചത്. മറാത്ത നാടകവേദിയിലെ പ്രശസ്തനായ ഗായകനായിരുന്നു പിതാവ് ദീനനാഥ് മങ്കേഷ്കർ. അമ്മ ശുദ്ധമാതി. ദീനനാഥിന്റെ സ്വദേശമായ ഗോവയിലെ മങ്കേഷി എന്ന സ്ഥലപ്പേരുമായി ബന്ധപ്പെടുത്തിയാണ് ലതയുടെ പേരിനോട് മങ്കേഷ്കർ എന്ന് കൂട്ടിച്ചേർത്തത്. ഹാർദ്ദികാർ എന്നാണ് കുടുംബപ്പേര്. ലതയുടെ ആദ്യ പേര് ഹേമ എന്നായിരുന്നു. പിന്നീട്, ഭാവ്ബന്ധൻ എന്ന നാടകത്തിലെ പ്രിയപ്പെട്ട കഥാപാത്രത്തിന്റെ പേരായ ലതിക എന്ന പേരിൽ ചെറിയ മാറ്റം വരുത്തി ലത എന്ന പേര് നൽകിയത് പിതാവ് തന്നെയാണ്. ഹൃദ്യനാഥ് മങ്കേഷ്കർ, ആശാ ഭോസ്‌ലേ, ഉഷാ മങ്കേഷ്കർ, മീനാ മങ്കേഷ്കർ എന്നിവരാണ് സഹോദരങ്ങൾ.