ക്രമസമാധാന പ്രശ്നം, ഗതാഗതക്കുരുക്ക്; തട്ടുകടകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ പോലീസ്
തിരുവനന്തപുരം: ക്രമസമാധാന പ്രശ്നം, ഗതാഗതക്കുരുക്ക് എന്നിവ ഒഴിവാക്കാൻ തട്ടുകടകളുടെയും ജ്യൂസ് പാർലറുകളുടെയും പ്രവർത്തനം നിയന്ത്രിക്കാനൊരുങ്ങി പോലീസ്. സമയനിയന്ത്രണം വീണ്ടും കടുപ്പിക്കാനാണ് പോലീസ് തീരുമാനം. രണ്ട് ദിവസം മുമ്പ് അട്ടക്കുളങ്ങരയിലെ ജ്യൂസ് കടയ്ക്ക് മുന്നിൽ നടന്ന അക്രമത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. ക്രമസമാധാന പ്രശ്നം ഒഴിവാക്കാനെന്ന പേരിൽ തട്ടുകടകളുടെ സമയം രാത്രി 11 മണി വരെ നിജപ്പെടുത്തണമെന്ന നിർദ്ദേശം ശരിയല്ലെന്നും വാദമുണ്ട്. കടകളും മറ്റ് ഭക്ഷണശാലകളും പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ രാത്രികാലങ്ങളിൽ പട്രോളിംഗ് ശക്തമാക്കുന്നതിനുപകരം കടകൾ അടച്ചിടുന്നത് ശരിയല്ലെന്നാണ് വാദം. രാത്രി വൈകിയും തുറന്നിരിക്കുന്ന കടകൾ ഗുണ്ടകളുടെയും മയക്കുമരുന്ന് കച്ചവടക്കാരുടെയും കേന്ദ്രമായി മാറിയതായി പോലീസ് പറയുന്നു. എന്നാൽ അട്ടക്കുളങ്ങര ഉൾപ്പെടെ രാത്രി ഭക്ഷണശാലകൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ പോലീസിന്‍റെ സാന്നിധ്യം അപൂർവമാണ്. ഫോർട്ട് സ്റ്റേഷനു സമീപം പോലും പോലീസ് എത്താറില്ല.