ജീവന് തുല്യം സ്നേഹിക്കൂ, ജീവനെടുക്കാതിരിക്കൂ; പ്രണയദിന സന്ദേശവുമായി പ്രതിപക്ഷ നേതാവ്
പ്രണയദിനത്തിൽ പങ്കാളികളുടെ പാരസ്പര്യത്തെയും തുല്യതയെയും ഓർമപ്പെടുത്തുന്ന സന്ദേശവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
ജീവന് തുല്യം സ്നേഹിക്കാനും ജീവനെടുക്കാതിരിക്കാനും മാത്രം സ്വാതന്ത്ര്യവും തുല്യതയും പരസ്പര ബഹുമാനവും പ്രണയത്തിൽ പുലർത്തണമെന്ന് സന്ദേശത്തിൽ പറയുന്നു. പ്രണയം തകരുമ്പോഴോ തിരസ്കരിക്കപ്പെടുമ്പോഴോ പ്രണയിനിയെ കായികമായി നേരിടുന്നതും ഇല്ലാതാക്കുന്നതും നീതിയല്ല. അത്രമേൽ സ്നേഹിച്ചതിന് ശേഷം പ്രാണൻ എടുക്കാൻ എങ്ങനെയാണ് കഴിയുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ഒരാൺകുട്ടിക്ക്, പുരുഷന് അങ്ങനെ തോന്നുന്നുവെങ്കിൽ അത് ആൺ മേൽക്കോയ്മയിൽ നിന്നുണ്ടാകുന്നതാണ്. അതൊരു സാമൂഹിക അപചയമാണ്. പ്രണയത്തിലായാലും ജീവിതത്തിലായാലും ആണിനും പെണ്ണിനും തുല്യ പങ്കാളിത്തമാണ്.
എനിക്ക് നിങ്ങളെ ഇഷ്ടമാണ് എന്നതിന്റെ മറുവശമാണ് എനിക്ക് നിങ്ങളെ ഇഷ്ടമല്ല എന്നത്. പ്രണയിക്കാനും തിരസ്കരിക്കാനുമുള്ള അവകാശം അവന്റേയും അവളുടേയും വ്യക്തി സ്വാതന്ത്രമാണ്. പ്രണയം നിരസിക്കപ്പെടുന്നതും തിരസ്കൃതനാക്കപ്പെടുന്നതും വേദനാജനകമായിരിക്കും. പക്ഷേ അതിനുള്ള അവകാശവും സ്വതന്ത്രവും മറ്റേയാൾക്കും ഉണ്ടെന്ന് തിരിച്ചറിയുക.
പ്രണയം സ്വത്തവകാശം പോലെയെന്ന് ധരിക്കരുത്. ആരും ആരുടേയും സ്വകാര്യ സ്വത്തല്ല. പ്രണയങ്ങൾ ഊഷ്മളമാകണം. അവിടെ സ്നേഹവും സൗഹൃദവും ബഹുമാനവും ഉണ്ടാകണം. ശൂന്യതയുടെ നിമിഷങ്ങൾ ഉണ്ടാകരുത്. അത്തരം പ്രണയങ്ങളിൽ പകയും ക്രൗര്യവും ഉണ്ടാകില്ല. തിരസ്കരണങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകുന്നവരാണ് യഥാർഥ കരുത്തരെന്നും സന്ദേശത്തിലുണ്ട്.