നേതാക്കൾ കൂട്ടത്തോടെ ബി ജെ പി യിൽ; ഹിമാചൽ ഘടകം പിരിച്ചുവിട്ട് എ എ പി
കൂടുതൽ നേതാക്കൾ ബി ജെ പി യിൽ ചേർന്നതോടെ ആം ആദ്മി പാർടി ഹിമാചൽ പ്രദേശ് ഘടകം പിരിച്ചുവിട്ടു. ഹിമാചൽ പ്രദേശിന്റെ തിരഞ്ഞെടുപ്പ് ചുമതലക്കാരനും ഡൽഹി ആരോഗ്യമന്ത്രിയുമായ സത്യേന്ദ്ര ജെയിൻ ആണ് സംസ്ഥാന ഘടകം പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചത്.
“ഹിമാചൽ പ്രദേശിലെ ആം ആദ്മി പാർടി സംസ്ഥാന പ്രവർത്തക സമിതി പിരിച്ചുവിട്ടു. പുതിയ പ്രവർത്തക സമിതി ഉടൻ പുനഃസംഘടിപ്പിക്കും," ജെയിൻ ട്വീറ്റ് ചെയ്തു. സംസ്ഥാന ഘടകം പിരിച്ചുവിട്ടതായി എ എ പി പത്രക്കുറിപ്പും പുറത്തിറക്കി.
മൂന്നു ദിവസം മുമ്പാണ് ഷിംലയിൽ ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ റോഡ്‌ഷോയ്ക്ക് മണിക്കൂറുകൾക്ക് മുമ്പ് പാർടിയുടെ സംസ്ഥാന പ്രസിഡന്റ് അനൂപ് കേസരിയും പാർടി സംഘടനാ സെക്രട്ടറിയും ബി ജെ പി യിൽ ചേരുന്നതായി പ്രഖ്യാപിച്ചത്.
എ എ പി വനിതാ വിഭാഗം പ്രസിഡണ്ട് മംമ്ത താക്കൂറും മറ്റ് അഞ്ച് നേതാക്കളും ന്യൂഡൽഹിയിലെ കേന്ദ്ര ഓഫീസിലെത്തി ബി ജെ പി യിൽ ചേർന്നു. വനിതാ വിഭാഗം വൈസ് പ്രസിഡണ്ട് സോണിയ ബിന്ദാൽ സംഗീത, വ്യവസായ വിഭാഗം വൈസ് പ്രസിഡണ്ട് ഡി കെ ശർമ, സോഷ്യൽ മീഡിയ വിഭാഗം വൈസ് പ്രസിഡണ്ട് ആശിഷ് കുമാർ എന്നിവരും ബി ജെ പി യിൽ ചേർന്നവരിൽ ഉൾപ്പെടുന്നു.
വരും ദിവസങ്ങളിൽ കൂടുതൽ എ എ പി നേതാക്കൾ ബി ജെ പി യിൽ ചേരുമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ അവകാശപ്പെട്ടു.