സ്ത്രീകളുടെ വിവാഹപ്രായം 16 ആയി താഴ്ത്തണമെന്ന് സമാജ്‌വാദി പാർടി നേതാക്കൾ

സ്ത്രീകളുടെ വിവാഹപ്രായം 21 ആയി ഉയർത്തുകയല്ല, മറിച്ച് 16 ആയി താഴ്ത്തുകയാണ് വേണ്ടതെന്ന അഭിപ്രായം പ്രകടിപ്പിച്ച് സമാജ്‌വാദി പാർടി നേതാക്കൾ. പാർലമെൻ്റ് അംഗങ്ങൾ കൂടിയായ രണ്ട് മുതിർന്ന നേതാക്കളാണ് പരക്കെ വിമർശിക്കപ്പെട്ട അഭിപ്രായ പ്രകടനത്തിന് മുതിർന്നത്. എന്നാൽ, ഇരുവരുടെയും പ്രതികരണങ്ങൾ പാർടിയുടേതായി കണക്കാക്കേണ്ടതില്ലെന്ന് പാർടി പ്രസിഡൻ്റും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടു.
പ്രത്യുൽപാദന പ്രായമാകുമ്പോൾ പെൺകുട്ടികളെ വിവാഹം കഴിപ്പിക്കണമെന്നാണ് സമാജ്‌വാദി പാർടി എം പി സയ്യിദ് തുഫൈൽ ഹസൻ പറഞ്ഞത്. സ്ത്രീകളുടെ പ്രത്യുൽപാദന പ്രായം 16-17 വയസ്സ് മുതൽ 30 വയസ്സ് വരെയാണ്. 16 വയസ്സിൽ വിവാഹത്തിനുള്ള ആലോചനകൾ വരാൻ തുടങ്ങും.
വിവാഹം വൈകുകയാണെങ്കിൽ, രണ്ട് ദോഷങ്ങളുണ്ട്. ഒന്ന്, വന്ധ്യതയുടെ സാധ്യത. രണ്ടാമത്തേത്, മാതാപിതാക്കൾക്ക് പ്രായമാകുമ്പോഴും മക്കൾ പക്വത കൈവരിക്കില്ല എന്നതാണ്. മാതാപിതാക്കൾ ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ എത്തുമ്പോഴും മക്കൾ വിദ്യാർഥികൾ ആയിരിക്കും.
സമാനമായ അഭിപ്രായമാണ് എം പി ഷഫീഖുർ റഹ്മാൻ ബാർഖും പ്രകടിപ്പിച്ചത്. ഇന്ത്യ ഒരു ദരിദ്ര രാജ്യമാണെന്നും എല്ലാവരും അവരുടെ പെൺമക്കളെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും ബില്ലിനെ പാർലമെന്റിൽ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.