'പുതിയ പാഠ്യപദ്ധതിയിൽ പഠിപ്പിക്കുക സ്വയംഭോഗവും സ്വവര്‍ഗരതിയും'; വിവാദ പ്രസംഗവുമായി ലീഗ് നേതാവ്
കണ്ണൂര്‍: വിദ്യാഭ്യാസ പരിഷ്കരണ വിഷയത്തിൽ വിവാദ പ്രസംഗവുമായി മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി. സ്വയംഭോഗവും സ്വവർഗരതിയുമാണ് പുതിയ പാഠ്യപദ്ധതിയിലൂടെ പഠിപ്പിക്കുവാൻ ശ്രമിക്കുന്നതെന്നും, പുതിയ പാഠ്യപദ്ധതി മതവിശ്വാസങ്ങളെയും ധാർമ്മികതയെയും തകർക്കുമെന്നും അബ്ദുറഹ്മാൻ പറഞ്ഞു. കണ്ണൂരിൽ യുഡിഎഫിന്‍റെ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത രണ്ടത്താണി ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തെ വിമർശിച്ചാണ് ഇങ്ങനെ പറഞ്ഞത്. "വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികൾക്ക് വലിയ പ്രാധാന്യമുണ്ട്. അവർ വളരെയധികം വളർന്നു. എല്ലാം സാധ്യമായത് ഒരുമിച്ച് ഇരുത്തി പഠിപ്പിച്ചിട്ടല്ല. കൗമാരപ്രായത്തിൽ ഒരു ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരുമിച്ച് നിർത്തുകയാണെങ്കിൽ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റമുണ്ടാകുമത്രെ. പഠിപ്പിക്കേണ്ട വിഷയം കേൾക്കുമ്പോഴാണ്... സ്വയംഭോഗവും സ്വവര്‍ഗ രതിയും. അതല്ലേ ഹരം," എന്നായിരുന്നു രണ്ടത്താണിയുടെ പ്രസ്താവന.