കാല് മാറി ശസ്ത്രക്രിയ; ഡോക്ടർക്ക് വീഴ്ച പറ്റിയതായി പ്രാഥമിക അന്വേഷണ റിപ്പോർട്ട്

കോഴിക്കോട്: നാഷണൽ ഹോസ്പിറ്റലിൽ കാല് മാറി ശസ്ത്രക്രിയ ചെയ്ത സംഭവത്തിൽ ഡോക്ടർ പി ബെഹിർ ഷാന് വീഴ്ച പറ്റിയാതായി പ്രാഥമിക അന്വേഷണ റിപ്പോർട്ട്. അഡീഷണൽ ഡിഎംഒ ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് നൽകി. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് എഡിഎംഒയുടെ റിപ്പോർട്ടിൽ പരാമർശിക്കുന്നത്. ഈ സാഹചര്യത്തിൽ വിദഗ്ധ മെഡിക്കൽ സംഘം കൂടുതൽ പരിശോധനകൾ നടത്തും. തിങ്കളാഴ്ച ആശുപത്രി അധികൃതരെ വിളിച്ചുവരുത്തി തെളിവെടുക്കും. സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ നിർദേശപ്രകാരമാണ് പ്രാഥമിക അന്വേഷണം നടത്തിയത്. നാഷണൽ ഹോസ്പിറ്റലിലെ ഓർത്തോ വിഭാഗം മേധാവി കൂടിയാണ് ഡോ.പി.ബെഹിർ ഷാൻ. പരാതി നൽകിയ ദിവസം ആശുപത്രി മാനേജ്മെന്‍റുമായി നടത്തിയ ചർച്ചയുടെ ദൃശ്യങ്ങളിൽ തെറ്റുപറ്റിയെന്ന് ബാഹിർ ഷാൻ സമ്മതിച്ചതായി ശസ്ത്രക്രിയയ്ക്ക് വിധേയനായ സജ്നയുടെ കുടുംബം ആരോപിച്ചു. ഈ ദൃശ്യങ്ങളാണ് കുടുംബം പുറത്തുവിട്ടത്. ഡോക്ടറുടെ പിഴവ് മറയ്ക്കാൻ ആശുപത്രി മാനേജ്മെന്‍റ് എല്ലാ മെഡിക്കൽ രേഖകളിലും കൃത്രിമം നടത്തിയെന്നും കുടുംബം ആവർത്തിക്കുന്നു.  അശ്രദ്ധമായി ചികിത്സിച്ചതിന് ഡോ.ബെഹിർ ഷാനെതിരെ ഇന്നലെയാണ് നടക്കാവ് പോലീസ് നിസ്സാര വകുപ്പ് പ്രകാരം കേസെടുത്തത്. തുടർ അന്വേഷണത്തിൽ മാത്രമേ കൂടുതൽ വകുപ്പുകൾ ചേർക്കൂ. അഡീഷണൽ ഡിഎംഒയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ചികിത്സാ പിഴവ് സ്ഥിരീകരിച്ചാൽ പോലീസിന് ഇക്കാര്യത്തിൽ കൂടുതൽ ഗൗരവമായ വകുപ്പ് ചുമത്തേണ്ടിവരും.

Related Posts