നിയമസഭാ സംഘര്‍ഷക്കേസ്; നടപടികൾ വേഗത്തിലാക്കാൻ പൊലീസ്, തെളിവ് ശേഖരിക്കാൻ അനുമതി തേടി

തിരുവനന്തപുരം: നിയമസഭാ സംഘർഷക്കേസിൽ അന്വേഷണ നടപടികൾ വേഗത്തിലാക്കാൻ പോലീസ്. നിയമസഭാ മന്ദിരത്തിൽ കയറി തെളിവെടുപ്പ് നടത്താൻ അനുമതി തേടി പൊലീസ് നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകി. പരാതിക്കാരുടെയും ആരോപണ വിധേയരായ എം.എൽ.എമാരുടെയും വാച്ച് ആൻഡ് വാർഡ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്താനും അനുമതി തേടിയിട്ടുണ്ട്. തിങ്കളാഴ്ച സ്പീക്കർ എ.എൻ ഷംസീറുമായി കൂടിയാലോചിച്ച ശേഷം പൊലീസിന് അനുമതി നൽകുന്ന കാര്യത്തിൽ നിയമസഭാ സെക്രട്ടറി അന്തിമ തീരുമാനമെടുക്കും. അതേസമയം, നിയമസഭാ സമ്മേളനം തിങ്കളാഴ്ച പുനരാരംഭിക്കും. നിയമസഭയിലെ ഭരണ-പ്രതിപക്ഷ സംഘർഷം ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് പാർലമെന്‍ററികാര്യ മന്ത്രി കെ രാധാകൃഷ്ണൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അദ്ദേഹത്തിന്‍റെ ഓഫീസിൽ പോയി കണ്ടിരുന്നു. ധനകാര്യ ബില്ലും ഏതാനും നിയമനിർമ്മാണങ്ങളും പാസാക്കുന്നതിൽ പ്രതിപക്ഷം സഹകരിക്കണമെന്നും അദ്ദേഹം സതീശനോട് അഭ്യർത്ഥിച്ചു. തുടർച്ചയായി അടിയന്തര പ്രമേയ നോട്ടീസ് നിഷേധിച്ച രീതി പുനഃപരിശോധിക്കണമെന്നും, സ്പീക്കറുടെ ഓഫീസ് ഉപരോധിച്ചതിന് പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ എടുത്ത കേസ് പിൻ വലിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

Related Posts