നിയമസഭാ കയ്യാങ്കളിക്കേസ് ; ശിവന്‍കുട്ടി അടക്കമുള്ളവർ നാളെ വിചാരണ കോടതിയില്‍

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ പ്രതികളായ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ള ഇടത് നേതാക്കൾ നാളെ (ബുധനാഴ്ച) കോടതിയിൽ ഹാജരാകും. കുറ്റപത്രം വായിക്കുന്നതിന്‍റെ ഭാഗമായാണ് ഇവർ കോടതിയിൽ ഹാജരാകുന്നത്. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആർ. രേഖയാണ് കേസ് പരിഗണിക്കുന്നത്. ബുധനാഴ്ചത്തെ കുറ്റപത്രം വായിക്കൽ നിയമസഭാ കയ്യാങ്കളിക്കേസിൽ വിചാരണ നടപടികൾ ആരംഭിക്കുന്നതിന്‍റെ ഭാഗമാണ്. കേസിൽ ആറ് പ്രതികളാണുള്ളത്. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ, കെ.ടി. ജലീൽ എം.എൽ.എ, മുൻ എം.എൽ.എമാരായ സി.കെ സദാശിവൻ, കെ. അജിത്ത്, കെ. കുഞ്ഞഹമ്മദ് എന്നിവരാണ് കേസിലെ പ്രതികൾ. വിചാരണ നടപടികളുടെ ആദ്യഘട്ടമാണ് കുറ്റപത്രം വായിച്ച് കേൾപ്പിക്കൽ. ഇതിനായി ആറ് പ്രതികളും ഹാജരാകും. നേരത്തെ ആറ് പ്രതികളോടും ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നു. പക്ഷേ, ഇവരാരും ഹാജരായില്ല. തുടർന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി കർശന നിലപാട് സ്വീകരിക്കുകയായിരുന്നു. ബുധനാഴ്ച ഹാജരാകാൻ അന്ത്യശാസനം നൽകി. 2015 മാർച്ച് 13നാണ് നിയമസഭയിൽ കയ്യാങ്കളിയുണ്ടായത്. അന്നത്തെ ധനമന്ത്രി കെ.എം. മാണി ബാര്‍ക്കോഴ കേസില്‍ അകപ്പെട്ടതിന് പിന്നാലെ ഇടതുപക്ഷം പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് അന്ന് പ്രതിപക്ഷത്തുണ്ടായിരുന്ന ഇടത് എം.എൽ.എമാർ പ്രതിഷേധിച്ചത്. ഇത് പിന്നീട് കയ്യാങ്കളിയിലേക്കും സഭയുടെ സ്വത്തുക്കൾ നശിപ്പിക്കുന്നതിലേക്കും നയിച്ചു. തുടർന്ന് പൊലീസ് കേസെടുത്തു. നിയമസഭയ്ക്ക് 2,17,000 രൂപയുടെ നഷ്ടമുണ്ടായതായാണ് പൊലീസിന്റെ കണ്ടെത്തൽ.

Related Posts