ലെല്ല മാനവ നീതി പുരസ്കാരം വി എ എച്ച് വലപ്പാടിന്
തൃശൂർ: ലെല്ല സാംസ്കാരിക കൂട്ടായ്മയുടെ പ്രഥമ മാനവ നീതി പുരസ്കാരം സാംസ്കാരിക, മാധ്യമ പ്രവർത്തകനുമായ വി എ എച്ച് വലപ്പാടിന്. അര ദശകത്തിലേറെക്കാലം തീരദേശ ജനതയുടെ ക്ഷേമത്തിനായി നടത്തിയ ആത്മാർത്ഥവും നീതിപൂർണ്ണവുമായ പൊതു പ്രവർത്തന പാരമ്പര്യമാണ് വി എ എച്ച് വലപ്പാടിനെ മാനവനീതി പുരസ്കാരത്തിന് അർഹനാക്കിയത്. പ്രശസ്തി പത്രവും ഫലകവും അടങ്ങിയതാണ് പുരസ്കാരം.
ഡിസംബർ 9 വൈകീട്ട് 4 ന് ലോക മനുഷ്യാവകാശ ദിനത്തിന്റെ തലേന്ന് വി എ എച്ച് വലപ്പാടിന്റെ ഗൃഹാങ്കണത്തിൽ നടക്കുന്ന പുരസ്കാര സമർപ്പണ ചടങ്ങ് മുൻ എം എൽ എ ഗീതാ ഗോപി ഉദ്ഘാടനവും, വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിഖ് അദ്ധ്യക്ഷതയും, കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ പുരസ്കാര സമർപ്പണവും നടത്തുമെന്നും ലെല്ല സാംസ്കാരിക കൂട്ടായ്മ അറിയിച്ചു.