'ലിയോ' കശ്മീർ ഷെഡ്യൂൾ പൂർത്തിയായി; സംഘം ഇന്ന് ചെന്നൈയില്‍ തിരിച്ചെത്തും

ചെന്നൈ: വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'ലിയോ' കോളിവുഡിൽ ഇപ്പോൾ ഏറ്റവും ഹൈപ്പിൽ നിൽക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. തന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ വിക്രത്തിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രം, മാസ്റ്ററിന് ശേഷം വിജയിയുമായി കൈകോർക്കുന്ന ചിത്രം തുടങ്ങി നിരവധി സവിശേഷതകളാണ് ചിത്രത്തിനുള്ളത്. ഇപ്പോഴിതാ, ഒരു മാസത്തിലേറെ നീണ്ട ചിത്രത്തിന്‍റെ കശ്മീർ ഷെഡ്യൂൾ അവസാനിച്ചിരിക്കുകയാണ്. സംഘം ഇന്ന് ചെന്നൈയിലേക്ക് തിരിക്കും. ഹൈദരാബാദിലും ചെന്നൈയിലുമായിരിക്കും ഇനിയുള്ള പ്രധാന ചിത്രീകരണം. സ്റ്റുഡിയോകളിൽ തയ്യാറാക്കിയ സെറ്റുകളിലായിരിക്കും ചിത്രീകരണം. മൂന്നാറിലും ഒരു ചെറിയ ഔട്ട്ഡോർ ഷൂട്ട് നടന്നേക്കാമെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള ട്വീറ്റ് ചെയ്തിട്ടുണ്ട്. വിജയിയുടെ കരിയറിലെ 67-ാമത്തെ ചിത്രമാണിത്. ബ്ലഡി സ്വീറ്റ് എന്നാണ് ടാഗ് ലൈൻ. ചിത്രം എൽസിയു (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) വിന്റെ ഭാഗമാണെന്ന് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ലോകേഷിന്‍റെ ആരാധകർ പുതിയ ചിത്രത്തിലും അതിനുള്ള സാധ്യതകള്‍ പരമാവധി ആരായുന്നുണ്ട്. ചിത്രത്തിൽ വിജയ്ക്കൊപ്പം അഭിനയിക്കുന്ന ഒമ്പത് അഭിനേതാക്കളുടെ പേരുകളും നിർമ്മാതാക്കൾ ഇതിനകം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, സാൻഡി, സംവിധായകൻ മിഷ്കിൻ, മൻസൂർ അലി ഖാൻ, ഗൗതം വാസുദേവ് മേനോൻ, അർജുൻ എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് മാത്യു തോമസും ചിത്രത്തിന്‍റെ ഭാഗമാവുന്നുണ്ട്. തമിഴിലെ പ്രമുഖ ബാനറായ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ഛായാഗ്രഹണം മനോജ് പരമഹംസ, സംഘട്ടന സംവിധാനം അന്‍പറിവ്, ചിത്രസംയോജനം ഫിലോമിൻ രാജ്, കലാസംവിധാനം എൻ സതീഷ് കുമാർ, കൊറിയോഗ്രാഫി ദിനേശ്, ലോകേഷിനൊപ്പം രത്മകുമാറും ധീരജ് വൈദിയും ചേര്‍ന്നാണ് സംഭാഷണ രചന നിര്‍വ്വഹിക്കുന്നത്. ഒക്ടോബർ 19ന് ചിത്രം തിയേറ്ററുകളിലെത്തും.

Related Posts